ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ, മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകൻ, ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ ബൗളിംഗ് കോച്ച് എന്നീ നിലകളിൽ പവാര്‍ പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ സെലക്ഷൻ കമ്മിറ്റി അംഗമായി മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെ ബിസിസിഐ നിയമിച്ചു. അശോക് മൽഹോത്ര, ജതിൻ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ബിസിസിഐ ആസ്ഥാനത്തു വെച്ച് അപേക്ഷകരുടെ അഭിമുഖം പൂർത്തിയാക്കിയ ശേഷമാണ് രമേഷ് പവാറിന്‍റെ പേര് ഐക്യകണ്ഠേന ശുപാർശ ചെയ്തത്. ഇന്ത്യക്കായി 2 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പവാർ, പരിശീലകനെന്ന നിലയിലും മികച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ, മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകൻ, ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ ബൗളിംഗ് കോച്ച് എന്നീ നിലകളിൽ പവാര്‍ പ്രവർത്തിച്ചിട്ടുണ്ട്. പവാർ പരിശീലകനായിരിക്കെ ഇന്ത്യൻ വനിതാ ടീം ഏഷ്യ കപ്പ് കിരീടവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. പവാര്‍ സെലക്ഷന്‍ കമ്മിറ്റിയിലെത്തിയതോടെ സീനിയോറിറ്റിയുടെ (കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയം) അടിസ്ഥാനത്തിൽ മുൻ സ്പിന്നർ പ്രഗ്യാൻ ഓജ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ ചെയർമാനാകും.
പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനമൊഴിഞ്ഞ അജിത് അഗാർക്കറുടെ സേവനങ്ങൾക്ക് ബിസിസിഐ നന്ദി പറഞ്ഞു. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാർക്കറുടെ നേതൃത്വത്തിന് കീഴിൽ മൂന്ന് ഐസിസി ട്രോഫികൾ, രണ്ട് ഏഷ്യ കപ്പ് കിരീടങ്ങൾ, തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ എന്നിവ ഇന്ത്യ നേടിയിരുന്നു. രമേശ് പവാറിന് പുറമെ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ പ്രഗ്യാൻ ഓജ (ചെയർപേഴ്സൺ),ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രത്ര എന്നിവരാണുള്ളത്. മുന്‍ ഇന്ത്യൻ ഓപ്പണര്‍ വസീം ജാഫര്‍ അടക്കമുള്ളവര്‍ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിച്ചിരുന്നു.
ജാഫര്‍ സെലക്ഷൻ കമ്മിറ്റിയിൽ എത്തിയിരുന്നെങ്കില്‍ സീനിയോരിറ്റിയുടെ അടിസഥാനത്തില്‍ ചെയർമാൻ ആക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ബിസിസിഐയുടെ താല്‍പര്യപ്രകാരാമാണ് പ്രഗ്യാൻ ഓജയെ സെലക്ഷൻ കമ്മിറ്റിയ ചെയര്‍മാനാക്കിയത്. അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞശേഷം ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചത്.
