Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിന്ന് ടീം? വനിതാ ഐപിഎല്ലിന് അംഗീകാരമാകുമ്പോള്‍... സൂചനകള്‍ പ്രതീക്ഷാനിര്‍ഭരം

ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം

BCCI Annual General Meeting approves Womens IPL as Kochi may get WIPL Team
Author
First Published Oct 19, 2022, 8:35 AM IST

മുംബൈ: വനിതാ ഐപിഎല്ലിന് ബിസിസിഐ വാർഷിക പൊതുയോഗത്തിന്‍റെ അംഗീകാരം. അഞ്ച് ടീമുകളാണ് വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണിലുണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുപത് മത്സരങ്ങൾ നടക്കും. പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുന്ന ടീം നേരിട്ട് ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിലെത്തും എന്ന രീതിയിലായിരിക്കും മത്സരക്രമം. വനിതാ ഐപിഎല്‍ ആരംഭിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമായിരുന്നു. ടീമിനായി കൊച്ചിയേയും പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. 

ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താനാവുക. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്‍റി 20 ലോകകപ്പിന് ശേഷമാവും ഐപിഎല്ലിന് തുടക്കമാവുക. ഫെബ്രുവരി ഒൻപത് മുതല്‍ 26 വരെയാണ് വനിതാ ട്വന്‍റി 20 ലോകകപ്പ്.

വരുമോ കേരളത്തിന് ടീം

വനിതാ ഐപിഎല്ലില്‍ ടീമുകളെ നഗരാടിസ്ഥാനത്തിലായിരിക്കും രൂപീകരിക്കുക. ദക്ഷിണേന്ത്യയില്‍ നിന്ന് കൊച്ചിയെയും വിശാഖപട്ടണത്തേയും ടീമുകള്‍ക്കായി പരിഗണിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മത്സര വേദികളുടെ കാര്യത്തിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ഹോം-എവേ അടിസ്ഥാനത്തിലുള്ള മത്സരക്രമം സാധ്യമല്ലാത്തതിനാല്‍ പരമവധി രണ്ട് വേദികളില‍ായി മത്സരങ്ങള്‍ പരിമിതപ്പെടുത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ പത്ത് മത്സരങ്ങള്‍ ഒരു വേദിയിലും അടുത്ത 10 മത്സരങ്ങള്‍ മറ്റൊരു വേദിയിലും നടത്തുന്ന രീതിയിലായിരിക്കും ഇത്. വനിതാ ഐപിഎല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വനിതാ ഐപിഎല്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ കൂടുതല്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തേക്കും. 

നിലവിൽ മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ട്വന്‍റി 20 ചലഞ്ചാണ് ഐപിഎല്ലിൽ വനിതകൾക്കായി നടത്തുന്നത്. കൂടുതൽ താരങ്ങളെയും ടീമുകളെയും ഉൾപ്പെടുത്തിയുള്ള വനിതാ ഐപിഎല്ലിനായി ബിസിസിഐ ശ്രമം തുടങ്ങിക്കഴിഞ്ഞെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. വനിതാ ഐപിഎല്ലിനായി ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഡസ്, ദീപ്‌തി ശര്‍മ്മ തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

വനിതാ ഐപിഎല്‍ മാര്‍ച്ചില്‍, അഞ്ച് ടീമുകള്‍ മത്സരത്തിന്

Follow Us:
Download App:
  • android
  • ios