Asianet News MalayalamAsianet News Malayalam

വൃദ്ധിമാന്‍ സാഹ കുരുങ്ങുമോ? മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി ആരോപണത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക്

വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ബിസിസിഐ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരുള്‍പ്പെടുന്ന മുന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. 

bcci apex council to discuss committee report saha allegations against journalist
Author
Mumbai, First Published Apr 12, 2022, 3:09 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ (Wriddhiman Saha) മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിസിസിഐ നടപടി ഈ മാസം 23ന് അറിയാം. ബിസിസിഐ  ഉന്നതാധികാര സമിതിയിലാകും തീരുമാനം. വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ബിസിസിഐ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരുള്‍പ്പെടുന്ന മുന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. 

അഭിമുഖം നല്‍കാത്തതിന്റെ പേരില്‍ സൗരവ് ഗാംഗുലിയോട് അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാര്‍ (Boria Majumdar) ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. സാഹയുടെയും മജുംദാറിന്റെയും മൊഴി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. സാഹ തന്റെ ചാറ്റുകള്‍ വളച്ചൊടിച്ചുവെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നു എന്നും ബോറിയ പറഞ്ഞു. അഭിമുഖം നല്‍കാനായി സമീപിച്ച് മറുപടി നല്‍കാതായപ്പോള്‍ വാട്‌സപ്പ് മെസേജുകളിലൂടെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഹയുടെ ആരോപണം. 

സാഹ തന്നെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ പേര് സാഹ ബിസിസിഐയോട് വെളിപ്പെടുത്തി. എന്നാല്‍ പേര് താനായി ഈ പേര് വെളിപ്പെടുത്തുന്നില്ലെന്നും ബിസിസിഐ തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സാഹ അറിയിച്ചിരുന്നു. സാഹ പേര് പുറത്തുവിട്ടത് പിന്നാലെ ബോറിയയും രംഗത്തെത്തി. ''വാട്‌സപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വളച്ചൊടിച്ച്, വ്യാജമായി ഉണ്ടാക്കിയ സാഹ എന്റെ വിശ്വാസയോഗ്യത തകര്‍ക്കുകയും പേരിനു കളങ്കം വരുത്തുകയും ചെയ്തു.'' അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്ന വീഡിയോയില്‍ വ്യക്തമാക്കി. 

മാന്യമായ ഹിയറിംഗിന് ബിസിസിഐ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സാഹയ്ക്ക് സന്ദേശങ്ങളടച്ച മാധ്യമപ്രവര്‍ത്തകന്റെ പേര് പുറത്തുവിടണമെന്ന് മുന്‍താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 

Follow Us:
Download App:
  • android
  • ios