പുതിയ ബിസിസിഐ ചീഫ് സെലക്ടറായ ഓജയ്ക്ക് ബോർഡിലും കളിക്കാർക്കിടയിലും ഉള്ള മികച്ച ബന്ധം മുൻനിർത്തിയാണ് മധ്യസ്ഥന്റെ റോൾ ബിസിസിഐ നൽകിയതെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും മുൻ ക്യാപ്റ്റൻ വിരാട് കോലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആശയവിനിമയത്തിലെ പോരായ്മകളും പരിഹരിക്കാൻ മുൻ താരം പ്രഗ്യാൻ ഓജയെ ബിസിസിഐ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്. പുതിയ ബിസിസിഐ ചീഫ് സെലക്ടറായ ഓജയ്ക്ക് ബോർഡിലും കളിക്കാർക്കിടയിലും ഉള്ള മികച്ച ബന്ധം മുൻനിർത്തിയാണ് മധ്യസ്ഥന്റെ റോൾ ബിസിസിഐ നൽകിയതെന്നാണ് റിപ്പോര്‍ട്ട്. സെലക്ഷൻ കമ്മിറ്റിയിൽ സൗത്ത് സോണിനെ പ്രതിനിധീകരിക്കുന്ന ഓജ, തർക്കവിഷയങ്ങളുമായി ബന്ധപ്പെട്ട് വിരാട് കോലിയുമായി നേരിട്ട് സംസാരിച്ചതായാണ് വിവരം. ഇന്ത്യക്കായി കോലിക്കൊപ്പം 22 മത്സരങ്ങളിൽ പ്രഗ്യാൻ ഓജ കളിച്ചിട്ടുണ്ട്.
കളിക്കാരുമായും ഭാരവാഹികളുമായും ആശയവിനിമയം നടത്തുന്നതിൽ ഓജ മുൻപന്തിയിലാണ്. മുൻപ് രോഹിത് ശർമ്മയെ ഏകദിന ടീമിൽ നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴും അത് രോഹിതിനെ അറിയിക്കാൻ അന്നത്തെ ചീഫ് സെലക്ടർ അജിത് അഗാർക്കർ ചുമതലപ്പെടുത്തിയത് ഓജയെയായിരുന്നു. 24 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഓജയെ, സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ചീഫ് സെലക്ടറായി ബിസിസിഐ ഉയർത്തിയത്.
വിവിഎസ് ലക്ഷ്മണുമായി അടുത്ത ബന്ധം പുലർത്തുന്ന ഓജയ്ക്ക് അഗാർക്കറിന് പകരക്കാരനാവുക എന്നത് വലിയ വെല്ലുവിളിയാണ്. രണ്ടു ഐസിസി ട്രോഫികൾ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത അഗാർക്കറിന്റെ വിജയം തുടരുക എന്നത് വലിയ ഉത്തരവാദിത്തമാണ്. മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനൊപ്പം കളിക്കാരുമായി നല്ല രീതിയിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഓജയുടെ കഴിവ് ഈ നിർണായക ഘട്ടത്തിൽ ബിസിസിഐയ്ക്കും ഇന്ത്യൻ ടീമിനും വലിയ തുണയാകും.
