കൊല്‍ക്കത്ത: ദില്ലിക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ കളിക്കില്ല. മത്സരത്തില്‍ നിന്ന് വിട്ടുനിില്‍ക്കാന്‍ ബിസിസിഐ സാഹയോട് നിര്‍ദേശിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര പൂര്‍ണ കായികക്ഷമതയോടെ കളിക്കേണ്ടതിനാലാണ് താരത്തോട് വിട്ടുനില്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റിരുന്നു. വീണ്ടും പരിക്കേല്‍ക്കേണ്ടെന്ന ചിന്തയാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് പിന്നില്‍.

ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന പകല്‍- രാത്രി ടെസ്റ്റിനിടെ സാഹയുടെ മോതിരവിരലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന്  35കാരനായ സാഹ മുംബൈയില്‍ വച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വിശ്രമത്തിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. ഫെബ്രുവരി 21നാണ് ആദ്യ ടെസ്റ്റ്. അടുത്ത രഞ്ജി ട്രോഫിയില്‍ അഭിമന്യൂ ഈശ്വരന്‍, ഇഷാന്‍ പോറല്‍ എന്നിവരുടെ സേവനവും ബംഗാളിന് നഷ്ടമാവും. ഇരുവരും ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനൊപ്പമാണ്.