എന്തുകൊണ്ട് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റേണ്ടി വന്നു എന്നതില്‍ വിശദീകരണവുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.  ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായാണ് ഗില്ലിനെ രോ​ഹിത് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്.

മുംബൈ: ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടതിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അ​ഗാർക്കർ. നായകസ്ഥാനം മാറ്റുന്നതിനെക്കുറിച്ച് രോഹിത് ശർമ്മയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യക്ക് അധികം ഏകദിനങ്ങൾ കളിക്കാനില്ല. അതുകൊണ്ട് അടുത്ത ആൾക്ക് വേണ്ടത്ര സമയം നൽകേണ്ടതുണ്ടായിരുന്നു. ക്യാപ്റ്റനെ മാറ്റാനുള്ള തീരുമാനം രോഹിത്തും സെലക്ഷൻ കമ്മിറ്റിയും ചേർന്നെടുത്തതാണെന്നും ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ അഗാർക്കർ പറഞ്ഞു.

ഈ വർഷം ആദ്യം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടി. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ അവസാന ദൗത്യമായിരുന്നു അത്. ഏഷ്യാ കപ്പിൽ വിജയിച്ചില്ലെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുന്നത് ബുദ്ധിമുട്ടുള്ള തീരുമാനമാകുമായിരുന്നു. എന്നാൽ ചിലപ്പോൾ നിങ്ങളുടെ സ്ഥാനം, ടീമിന്റെ താൽപര്യം എന്നിവ മുൻനിർത്തി നമുക്ക് മുന്നോട്ട് നോക്കേണ്ടിവരും. കഠിനമായ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി യുവ ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗില്ലിനെ രോ​ഹിത് ശർമക്ക് പകരം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായാണ് മാറ്റം. ശ്രേയസ് അയ്യരെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഗില്ലിനെ ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാ​ഗമാണെന്നും അജിത് അഗാർക്കർ വ്യക്തമാക്കി.

ബിസിസിഐ പ്രഖ്യാപനത്തിന് മുമ്പ്, ഇന്ത്യയ്ക്ക് ഓരോ ഫോർമാറ്റിനും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരുണ്ടായിരുന്നത്. രോഹിത് ഏകദിന ടീം ക്യാപ്റ്റനും ഗിൽ ടെസ്റ്റ് ടീം നായകനും സൂര്യകുമാർ യാദവ് ടി20 ടീം നായകനുമായാണ് കളിച്ചിരുന്നത്. 25 കാരനായ ഗിൽ ഭാവിയിൽ മൂന്ന് ഫോർമാറ്റുകളിലും ടീമിന്റെ ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു.