ദില്ലി: ലോധ കമ്മറ്റി ശുപാർശപ്രകാരം രൂപീകരിച്ച ഭരണഘടനയിൽ മാറ്റം വരുത്താനായി ബിസിസിഐ നൽകിയ ഹർജിയിൽ വാദം കേള്‍ക്കുള്ള സുപ്രീം കോടതി മാറ്റിവെച്ചു. ഇന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഇപ്പോള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.

നിലവിലെ ചട്ടങ്ങളനുസരിച്ച് പ്രസിഡന്‍റ്  സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സ്ഥാനമൊഴിയേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഹർജി. ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ ആറ് വർഷം കാലാവധി പൂർത്തിയക്കുന്നവർ മൂന്ന് വർഷം ഭാരവാഹിത്വത്തിൽ നിന്ന് മാറി നിൽക്കണമെന്നാണ് ചട്ടം. നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയായിരുന്ന ജയ് ഷായുടെ കാലാവധി ജൂൺ അവസാനത്തോടെ കഴിഞ്ഞു.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായി സൗരവിന്‍റെ കാലാവധി അടുത്തയാഴ്ച തീരും. അതേസമയം, ഐപിഎല്‍ നടത്താൻ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് ബിസിസിഐ കത്തയച്ചു. യുഎഇയില്‍ നടത്താനുള്ള അനുമതിയാണ് തേടിയിരിക്കുന്നതെന്ന് ഐപിഎല്‍ ചെയര്‍മാൻ ബ്രിജേഷ് പട്ടേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സരങ്ങള്‍ നടത്താൻ തയ്യാറാണെന്ന് യുഎഇ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ടെന്നും ബ്രിജേഷ് പട്ടേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്‍ നടത്താനുള്ള നീക്കം ബിസിസിഐ സജീവമാക്കിയത്. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴ് വരെയായിരിക്കും ടൂര്‍ണമെന്റെന്നാണ് സൂചന.