Asianet News MalayalamAsianet News Malayalam

ആരും അത്രയ്ക്ക് സുഖിക്കേണ്ടെന്ന് ബിസിസിഐ; സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കനത്ത തിരിച്ചടി

ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ ബിസിനസ് ക്ലാസ് യാത്ര ബിസിസിഐ ഒഴിവാക്കി. വരും കാലങ്ങളില്‍ ബിസിസിഐ സ്‌പോണ്‍സര്‍ ചെയ്യുന്ന ആഭ്യന്തര യാത്രകള്‍ക്ക് ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകള്‍ മാത്രമാവും ലഭിക്കുക.

BCCI continues to cut costs
Author
Mumbai, First Published Mar 18, 2020, 7:05 PM IST

മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ ബിസിനസ് ക്ലാസ് യാത്ര ബിസിസിഐ ഒഴിവാക്കി. വരും കാലങ്ങളില്‍ ബിസിസിഐ സ്‌പോണ്‍സര്‍ ചെയ്യുന്ന ആഭ്യന്തര യാത്രകള്‍ക്ക് ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകള്‍ മാത്രമാവും ലഭിക്കുക. എന്നാല്‍ മുഖ്യസെലക്റ്റര്‍മാര്‍ ബിസിനസ് ക്ലാസില്‍ തന്നെ യാത്ര ചെയ്യും. ഇത് പ്രകാരം സീനിയര്‍ ടീമിന്റെ മുഖ്യ സെലക്ടറായ സുനില്‍ ജോഷിക്കും ജൂനിയര്‍ ടീം സെലക്ടറായ ആശിഷ് കപൂറിനും ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ ലഭിക്കും. 

ബിസിസിഐ ജനറല്‍ മാനേജര്‍ സാബ കരീമിനും ഇനിമുതല്‍ ആഭ്യന്തര യാത്രക്ക് എക്കണോമി ക്ലാസ് വിമാന ടിക്കറ്റ് മാത്രമാണ്് ലഭിക്കുക. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിസിസിഐയുടെ പുതിയ തീരുമാനം. എന്നാല്‍ ഏഴ് മണിക്കൂര്‍ കൂടുതലുള്ള യാത്രയാണെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ബിസിനസ് ക്ലാസ് ലഭിക്കും. 2013 മുതലാണ് സെലക്ടര്‍മാര്‍ക്ക് ബിസിനസ്  ക്ലാസ് വിമാന ടിക്കറ്റുകള്‍ നല്കാന്‍ തുടങ്ങിയത്.

നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചിരുന്നു. ജീവനക്കാരോട് ഇനിയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ അധികൃതര്‍ ജീവനക്കാരെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios