മുംബൈ: ബിസിസിഐ ജനറല്‍ മാനേജറും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ സാബാ കരീമിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ.  ഡിസംബര്‍ 2017 മുതല്‍ ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ പദവി വഹിക്കുന്ന സാബാ കരീമിന്‍റെ രാജി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രസ്താവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും രാജി ആവശ്യപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് സാബാ കരീമിന്‍റെ പദ്ധതികളിലുണ്ടായ അതൃപ്തിയാണ് ഇദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കൊവിഡ് മഹാമാരി സമയത്ത് ആഭ്യന്തര ക്രിക്കറ്റ് സംബന്ധിച്ച് വ്യക്തമായ പദ്ധതി അവതരിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ രാജി ആവശ്യപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്- ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നതിനാല്‍ ഡിസംബറിന് മുന്‍പ് രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കാന്‍ സാധിക്കില്ല എന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. അതേ സമയം ഐപിഎല്‍ സെപ്തംബര്‍ നവംബര്‍ മാസങ്ങളില്‍ നടത്താന്‍ സാധിക്കുമോ എന്ന കാര്യം ബിസിസിഐ ഗൌരവമായി ആലോചിക്കുന്നുണ്ട്.

അതേ സമയം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി രാജിവച്ചതിന് പിന്നാലെയാണ് സാബാ കരീമിന്‍റെ രാജിയും ബിസിസിഐ ആവശ്യപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.