മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് വേദിയാവുന്ന ബ്രിസ്ബേനില്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്വാറന്‍റൈന്‍ നിയന്ത്രണങ്ങളില്‍ ഇളവുതേടി ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ഔദ്യോഗികമായി കത്തെഴുതി. പരമ്പരയുടെ തുടക്കത്തിലെ 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇന്ത്യന്‍ ടീമിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് ബിസിസിഐ കത്തില്‍ വ്യക്തമാക്കി.

പരമ്പരയുടെ തുടക്കത്തില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഒപ്പുവെച്ച ധാരണാപത്രപ്രകാരം വെവ്വേറെ നഗരങ്ങളില്‍ വെവ്വേറെ ക്വാറന്‍റീന്‍ എന്ന് നിഷ്കര്‍ഷിക്കുന്നില്ലെന്നും ബിസിസിഐ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിസ്ബേന്‍ ടെസ്റ്റ് സാധ്യമാക്കാന്‍ ഇരു ബോര്‍ഡുകളും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ബിസിസിഐ ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ബിസിസിഐയുടെ ആവശ്യത്തില്‍ ബ്രിസ്ബേന്‍ ഉള്‍പ്പെടുന്ന ക്വീന്‍സ്‌ലന്‍ഡ് ഭരണകൂടവും ക്രിക്കറ്റ് ഓസ്ട്രേലിയയും എന്ത് നിലപാടാവും സ്വീകരിക്കുകയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.  ഐപിഎല്ലിന് സമാനമായി ടീം അംഗങ്ങള്‍ക്ക് അടുത്ത് ഇടപഴകാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ടീം മീറ്റിംഗുകള്‍ നടത്താനും അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് അത്രവലിയ കാര്യമായി കരുതുന്നില്ലെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഹോട്ടലിലെ ഒരേ നിലയില്‍ താമസിക്കുന്ന കളിക്കാര്‍ക്ക് ആ നിലയിലെ കളിക്കാരെ മാത്രമെ റൂമിന് പുറത്തുവെച്ച് കാണാനും സംസാരിക്കാനും കഴിയൂവെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഹോട്ടലിലെ രണ്ട് നിലകളില്‍ താമസിക്കുന്ന കളിക്കാര്‍ക്ക് പരസ്പരം ഇടപഴകാനാവില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ബ്രിസ്ബേനില്‍ ക്വാറന്‍റീനിലെ ഇളവുകള്‍ എഴുതി നല്‍കണമെന്നും സിഡ്നി ടെസ്റ്റിനെത്തിയപ്പോള്‍ ഹോട്ടലിലെ ഓരോ നിലകളിലും ക്വാറന്‍റീന്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസ് നിലയുറപ്പിച്ചിരുന്നുവെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

സിഡ്നി ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാര്‍ നിലവില്‍ ഹോട്ടല്‍ ക്വാറന്‍റീനിലാണ്. എന്നാല്‍ ഇക്കാര്യത്തിലുള്ള അതൃപ്തി ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ പരസ്യമാക്കിയിരുന്നു. ഹോട്ടലിന് പുറത്ത് നഗരം സാധാരണനിലയില്‍ ചലിക്കുമ്പോള്‍ കളിക്കാരെ മാത്രം ക്വാറന്‍റീന്‍ ചെയ്യുന്നതിലെ അതൃപ്തിയാണ് രഹാനെ പ്രകടമാക്കിയത്. ജനുവരി 15നാണ് ബ്രിസ്ബേനില്‍ പരമ്പരയിലെ അവസാന ടെസ്റ്റ്.