അഹമ്മദാബാദ്: ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. എന്നാല്‍ അടുത്ത സീസണില്‍ പുതിയ ടീമുകളുണ്ടാവില്ല. 2022 മുതലായിരിക്കും രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തി ഐപിഎല്‍ 10 ടീമുകളാക്കി വിപുലപ്പെടുത്തുക.

മാര്‍ച്ച്-മെയ് മാസങ്ങളില്‍ നടക്കുന്ന അടുത്ത സീസണ് മുമ്പ് പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിക്കാനും കളിക്കാരുടെ ലേലം ഉറപ്പാക്കാനും ടീമുകള്‍ക്ക് തയാറെടുപ്പിനും സമയം ലഭിക്കില്ലെന്നതിനാലാണ് പുതുതായി രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തുന്നത് 2022ലെ സീസണിലേക്ക് മാറ്റിവെച്ചത്. ഇതോടെ ഇത്തവണ പൂര്‍ണ താരലേലം ഉണ്ടാകില്ലെന്നും ഉറപ്പായി.

2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്താനുള്ള ഐസിസി നീക്കത്തിന് പിന്തുണ നല്‍കാനും ബിസിസിഐ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതിനാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുരുഷ-വനിതാ താരങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

രാജീവ് ശുക്ലയെ ബിസിസിഐയുടെ പുതിയ വൈസ് പ്രസിഡന്‍റായി നിയമിക്കാനും യോഗം തീരുമാനിച്ചു. ഐസിസി ബോര്‍ഡില്‍ ഡയറക്ടറായി തുടരാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് യോഗം അനുമതി നല്‍കി.