Asianet News MalayalamAsianet News Malayalam

ഏകദിന ലോകകപ്പ്: ഋഷഭ് പന്തിനും അംബാട്ടി റായുഡുവിനും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി ബിസിസിഐ

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് തെരഞ്ഞെടുത്തതുപോലെ മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയാണ് ലോകകപ്പിനായും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിസിസഐ പ്രതിനിധി പിടിഐയോട് പറഞ്ഞു

BCCI gives hope for Rishabh Pant Ambati Rayudu Named Among Standbys
Author
Mumbai, First Published Apr 17, 2019, 5:17 PM IST

മുംബൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും യുവതാരം ഋഷഭ് പന്തിനും മധ്യനിര ബാറ്റ്സ്മാന്‍ അംബാട്ടി റായുഡുവിനും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി ബിസിസിഐ. ഋഷഭ് പന്തിനെയും റായുഡുവിനെയും ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ അംഗങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ മികവുകാട്ടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ പേസര്‍ നവദീപ് സെയ്നിയും സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റിലുണ്ട്. 15 അംഗ ലോകകപ്പ് ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇവരെയാകും ടീമിലേക്ക് ആദ്യം പരിഗണിക്കുക.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് തെരഞ്ഞെടുത്തതുപോലെ മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയാണ് ലോകകപ്പിനായും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിസിസഐ പ്രതിനിധി പിടിഐയോട് പറഞ്ഞു. ഋഷഭ് പന്ത് ആണ് ആദ്യ സറ്റാന്‍ഡ് ബൈ താരം. ടീമിലെ ബാറ്റ്സ്മാന്‍മാര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ പരിക്കേറ്റാല്‍ ആദ്യം പരിഗണിക്കുക പന്തിനെയാവും. അംബാട്ടി റായുഡു രണ്ടാമത്തെ സ്റ്റാന്‍ഡ് ബൈ താരമാവുമ്പോള്‍ 15 അംഗ ടീമിലെ രണ്ടാമതൊരു ബാറ്റ്സ്മാന് പരിക്കേറ്റാല്‍ റായുഡുവിനെ പരിഗണിക്കും. ടീമിലെ മൂന്ന് പേസര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലാവും സെയ്നിയെ ടീമിലെടുക്കുക.

ലോകകപ്പ് ടീമില്‍ നിന്ന് ഋഷഭ് പന്തിനെയും അംബാട്ടി റായുഡുവിനെയും ഒഴിവാക്കിയതിനെതിരെയ ആരാധകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുയര്‍ന്നിരിക്കെയാണ് ബിസിസിഐയുടെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായത്. അംബാട്ടി റായുഡുവിന് പകരം വിജയ് ശങ്കറും 15 അംഗ ടീമിലെത്തി. മെയ് 30ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Follow Us:
Download App:
  • android
  • ios