ഇംഗ്ലണ്ടിനെതിരെ താരത്തിന് വിശ്രമം ലഭിക്കുന്നതോടെ മലയാളി താരം സഞ്ജു സാംസണിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി.

മുംബൈ: ഈ മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന - ടി20 പരമ്പരകളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാസം 22നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരകളിലും രാഹുലിന് വിശ്രമം അനുവദിച്ചാലും അദ്ദേഹം അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതും പ്രധാന വിക്കറ്റ് കീപ്പറായി തന്നെ.

ഇംഗ്ലണ്ടിനെതിരെ താരത്തിന് വിശ്രമം ലഭിക്കുന്നതോടെ മലയാളി താരം സഞ്ജു സാംസണിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളും കളിച്ച താരമാണ് രാഹുല്‍. അതുകൊണ്ടാണ് വിശ്രമം നല്‍കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്ത്യ ജയിച്ച പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി തിളങ്ങിയ രാഹുലിന് പിന്നീട് ആ മികവ് നിലിര്‍ത്താനായിരുന്നില്ല. ചാംപ്യന്‍സ് ട്രോഫി ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി രാഹുല്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന രാഹുല്‍ 75.33 ശരാശരിയില്‍ 452 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് രാഹുലിനെ പ്രധാന കീപ്പറാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിക്കാമെന്നുള്ള സഞ്ജുവിന്റെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയായി. രാഹുല്‍ വരുമ്പോള്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുമോ എന്നും ഉറപ്പില്ല. റിഷഭ് പന്തിനെ ഉള്‍പ്പെടുത്താനാണ് ഏറെ സാധ്യത. കാരണം ചാംപ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കുന്നതും പന്തിനെ തന്നെയാണ്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന്റെ കാര്യം ഉറപ്പ് പറയാന്‍ കഴിയില്ല. 

കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ ശ്രീലങ്കക്കെതിരായ ഒരു ഏകദിനത്തില്‍ മാത്രമാണ് റിഷഭ് പന്ത് കളിച്ചത്. ഇതില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിനങ്ങളില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്.