ബ്രിസ്ബെയിന്‍: ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് ഇറങ്ങാനിരിക്കുന്ന ഇന്ത്യന്‍ ടീമിന് ഹോട്ടലില്‍ നിന്നും മോശമായ പെരുമാറ്റമെന്ന് ആരോപണം. എന്നാല്‍ ഇത്തരം ഒരു പ്രശ്നമുണ്ടെന്ന് സമ്മതിച്ച ബിസിസിഐ, പ്രശ്നങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചേര്‍ന്ന് പരിഹരിച്ചെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനില്‍ എത്തിയത്. തുടര്‍ന്നാണ് താമസിക്കുന്ന ഹോട്ടലില്‍ ആവശ്യമായ സര്‍വീസ് ലഭിക്കുന്നില്ലെന്നും, റൂമില്‍ നിന്ന് പുറത്ത് പോലും കടക്കാന്‍ അനുവദിക്കുന്നില്ലെന്നും ടീം ഇന്ത്യ പരാതി പറഞ്ഞത്.

ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ടത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം അംഗങ്ങള്‍ക്ക് ഇപ്പോള്‍ സൗകര്യം ലഭിച്ചു തുടങ്ങിയെന്നാണ് ഒരു ബിസിസിഐ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ടീം അംഗങ്ങള്‍ക്ക് ഇപ്പോള്‍ ഹൗസ് കീപ്പിംഗ്, റൂം സര്‍വീസ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഏത് ലിഫ്റ്റും ടീം അംഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൌകര്യമുണ്ട്. അതിനൊപ്പം ജിം ഉപയോഗിക്കാനും കഴിയും. ടീം മീറ്റിഗിനായി പ്രത്യേക ഹാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നീന്തല്‍ കുളത്തില്‍ വിലക്കുണ്ടാകും - ബിസിസിഐ വക്താവ് വ്യക്തമാക്കി.

ചില ടീം സ്റ്റാഫാണ് ചൊവ്വാഴ്ച ബ്രിസ്ബെയിനില്‍ എത്തിയപ്പോള്‍ വളരെ പരുഷമായ പെരുമാറ്റം ഹോട്ടല്‍ അധികൃതരില്‍ നിന്നും നേരിട്ട കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ബിസിസിഐ ഇടപെട്ടത്. ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമിന് കടുത്ത ക്വറന്‍റെയിന്‍ രീതികള്‍ വേണ്ട എന്നത് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ രീതി തെറ്റിച്ചാണ് ബ്രിസ്ബെയിനില്‍ എത്തിയ ഇന്ത്യന്‍ ടീമിന്  
ഹോട്ടലില്‍ ലഭിച്ച പരിചരണം. ഇതിനെ തുടര്‍ന്നാണ് ബിസിസിഐ അതിവേഗം ഇടപെട്ടത്. സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസ്ട്രേലിയന്‍ കാണികള്‍ നടത്തിയ വംശീയ അധിക്ഷേപം ഏറെ ചര്‍ച്ചയായിരുന്നു.

തിങ്കളാഴ്ച അവസാനിച്ച സിഡ്നി ടെസ്റ്റില്‍  അനായാസം തോല്‍പിച്ചുകളയാമെന്ന ഓസീസ് മോഹങ്ങള്‍ തച്ചുതകര്‍ത്ത് വീരോചിത സമനിലയാണ് ഇന്ത്യ കൈവരിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും രവിചന്ദ്ര അശ്വിന്‍റേയും ഹനുമ വിഹാരിയുടേയും പ്രതിരോധവുമാണ് അവസാനദിനം കാത്തത്. ഇന്ത്യ 334/5 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ അഞ്ചാംദിനം അവസാനിക്കാന്‍ ഒരോവര്‍ ശേഷിക്കേ ഓസീസ് സമനില സമ്മതിക്കുകയായിരുന്നു.