മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ. സെലക്ഷന്‍ കമ്മിറ്റിയില്‍ രണ്ട് പേരുടെ ഒഴിവുകളാണുള്ളത്. ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദിന്റെയും ഗഗന്‍ ഖോഡയുടെയും. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിന്‍ പരഞ്ജ്പെ എന്നിവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കാലാവധി നാലു വര്‍ഷമായിരിക്കുമെന്ന് ബിസിസിഐ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് ഏഴ് ടെസ്റ്റോ, 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവര്‍ക്കോ കുറഞ്ഞത് 10 ഏകദിനങ്ങളോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവര്‍ക്കോ സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. ഈ മാസം 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാളായിരിക്കും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. നിലവില്‍ തുടരുന്ന അംഗങ്ങള്‍ക്ക് ആര്‍ക്കും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനാവാനുള്ള പരിചയസമ്പത്തില്ലാത്തതിനാലാണിത്. ബിസിസിഐ നിയോഗിച്ച പുതിയ ഉപദേശക സമിതിയായ മദന്‍ലാല്‍, ഗൗതം ഗംഭീര്‍, സുലക്ഷണ നായിക് എന്നിവരടങ്ങിയ ഉപദേശക സമിതിയാവും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക എന്നാണ് സൂചന.

സെലക്ടറാവാനുള്ള യോഗ്യതകളില്‍ 60 വയസ് കവിയരുത് എന്നുള്ളതിനാല്‍ 64കാരനായ മുന്‍ നായകന്‍ ദിലീപ് വെംഗ്സര്‍ക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാവില്ല. നേരത്തെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് വെംഗ്സര്‍ക്കാറുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു.