ദില്ലി: ഐപിഎല്‍ നടത്താൻ അനുമതി തേടി കേന്ദ്ര സര്‍ക്കാരിന് ബിസിസിഐ കത്തയച്ചു. യുഎഇയില്‍ നടത്താനുള്ള അനുമതിയാണ് തേടിയിരിക്കുന്നതെന്ന് ഐപിഎല്‍ ചെയര്‍മാൻ ബ്രിജേഷ് പട്ടേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സരങ്ങള്‍ നടത്താൻ തയ്യാറാണെന്ന് യുഎഇ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ടെന്നും ബ്രിജേഷ് പട്ടേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്‍ നടത്താനുള്ള നീക്കം ബിസിസിഐ സജീവമാക്കിയത്. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴ് വരെയായിരിക്കും ടൂര്‍ണമെന്റെന്നാണ് സൂചന. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ആകെയുണ്ടാകുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക.

ഐപിഎല്ലിന് യുഎഇ വേദിയാവുമെന്ന കാര്യം ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ ആദ്യം ഏപ്രില്‍ 15വരെ നീട്ടിവെച്ചത്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാത്തതിനെത്തുടര്‍ന്ന് പിന്നീട് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.