സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശർമ്മയും പങ്കെടുക്കും
ദില്ലി: ഏഷ്യാ കപ്പിനായി ഇന്ത്യന്‍ സെലക്ടർമാർ പ്രഖ്യാപിക്കുക 17 അംഗ ടീമിനെയെന്ന് റിപ്പോർട്ട്. പതിനേഴ് താരങ്ങളുടെ പട്ടിക വാർത്താ ഏജന്‍സിസായ പിടിഐ പുറത്തുവിട്ടു. ഇതില്‍ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്‍റെ പേരില്ല. ഓഗസ്റ്റ് 21നാണ് ടീം പ്രഖ്യാപനമുണ്ടാവുക. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശർമ്മയും പങ്കെടുക്കും.
രോഹിത് ശർമ്മ(നായകന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, അക്സർ പട്ടേല്‍, ഷർദുല്‍ താക്കൂർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, യുസ്‍വേന്ദ്ര ചഹല്‍/രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ടാവുക എന്നാണ് സൂചന. ഇവരില്‍ രാഹുലും ശ്രേയസും ടീമിലുണ്ടാകുന്നത് ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും. ഇരുവരുടേയും ഫിറ്റ്നസ് സംശയത്തില്‍ നില്‍ക്കുന്നതിനാലാണ് പതിനേഴ് അംഗ ടീമിനെ ഏഷ്യാ കപ്പിനായി പ്രഖ്യാപിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും 17 അംഗ സ്ക്വാഡാണ് ടൂർണമെന്‍റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഏഷ്യാ കപ്പ് ടീം പ്രഖ്യാപനമുണ്ടാകും എന്നാണ് കരുതുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയർമാന്‍ അജിത് അഗാർക്കർ അന്നേദിനം ദില്ലിയില്‍ മാധ്യമങ്ങളെ കണ്ടേക്കും. ദില്ലിയില്‍ നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ രാഹുല്‍ ദ്രാവിഡും രോഹിത് ശർമ്മയും പങ്കെടുക്കും. എന്നാല്‍ ഓണ്‍ലൈനായി ആകുമോ യോഗത്തിന് നേരിട്ട് എത്തുമോ എന്ന് വ്യക്തമല്ല. ഏഷ്യാ കപ്പിനൊപ്പം ഏകദിന ലോകകപ്പ് പദ്ധതികളും മീറ്റിംഗില്‍ ചർച്ചയാവും. സെപ്റ്റംബർ അഞ്ചാണ് ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിന്‍റെ പട്ടിക ഐസിസിക്ക് നല്‍കാനുള്ള സമയപരിധി എന്നാണ് പിടിഐയുടെ റിപ്പോർട്ട്. സെപ്റ്റംബർ 27 വരെ ടീമില്‍ മാറ്റം വരുത്താനുള്ള അനുമതിയുണ്ട്.
പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും. ഇരുവരേയും ഏഷ്യാ കപ്പ് കളിപ്പിച്ച് ലോകകപ്പിന് മുമ്പ് മത്സരപരിചയം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ബിസിസിഐ. ഫൈനലില്‍ എത്തിയാല്‍ ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ ഇന്ത്യക്ക് കളിക്കാനാവും.
