അയാന്‍ ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ദുബായ്: ടി20 ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ അട്ടിമറി ജയം സ്വന്തമാക്കി യുഎഇ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. അയാന്‍ ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ മുഹമമദ് വസീം (29 പന്തില്‍ 55), ആസിഫ് ഖാന്‍ (29 പന്തില്‍ 48) എന്നിവരാണ് യുഎഇയുടെ വിജയം എളുപ്പമാക്കിയത്. യുഎഇയുടെ മലയാളി താരം ബാസില്‍ ഹമീദ് (12) പുറത്താവാതെ നിന്നു. ആദ്യമായിട്ടാണ് യുഎഇ, ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുന്നത്.
മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കമാണ് യുഎഇക്ക് ലഭിച്ചത്. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടാന്‍ അവര്‍ക്കായി. അര്യന്‍ഷ് ശര്‍മ (0), വൃത്യ അരവിന്ദ് (25) എന്നിവരുടെ വിക്കറ്റുകള്‍ യുഎഇക്ക് നഷ്ടമായി. അപ്പോള്‍ 40 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് വസീം-ആസിഫ് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതുതന്നെയാണ് യുഎഇയുടെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. 29 പന്തില്‍ മൂന്ന് സിക്‌സിന്റേയും നാല് ഫോറിന്റേയും അകമ്പടിയോടെയാണ് വസീം 55 റണ്‍സെടുത്തത്.
ക്യാപ്റ്റന്‍ പുറത്തായെങ്കിലും ബാസിലിനെ കൂട്ടപിടിച്ച് ആസിഫ് യുഎഇയെ വിജയത്തിലേക്ക് നയിച്ചു. ആസിഫ് 29 പന്തില്‍ ഒരു സിക്‌സിന്റേയും അഞ്ച് ഫോറിന്റേയും സഹായത്തോടെയാണ് 48 റണ്‍സെടുത്തത്. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജെയ്മിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
'ബാബർ അസമിനോളം സ്ഥിരത വിരാട് കോലിക്കില്ല'; പറയുന്നത് പാക് മുന്‍ താരം, വിവാദം
നേരത്തെ അയാന്‍ ഖാന്‍രെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. ജവാദുള്ള രണ്ട് വിക്കറ്റെടുത്തു. 63 റണ്‍സെടുത്ത മാര്‍ക്ക് ചാപ്മാന്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. ചാഡ് ബൗസ് (21), ജെയിംസ് നീഷം (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ടിം സീഫെര്‍ട്ട് (7), സാന്റ്‌നര്‍, ഡെയ്ന്‍ ക്ലെവര്‍ (0), കോള്‍ മക്‌കോഞ്ഞി (9), രചിന്‍ രവീന്ദ്ര (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജെയ്മിസണ്‍ (8), സൗത്തി (4) പുറത്താവാതെ നിന്നു.

