Asianet News MalayalamAsianet News Malayalam

യു ടേണ്‍ അടിച്ച് ബിസിസിഐ; ഇന്ത്യന്‍ ടീം സെലക്ടറായി ചേതന്‍ ശര്‍മ തുടര്‍ന്നേക്കും

പുതിയ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ഉപദേശക സമിതി മുന്‍ താരങ്ങളുടെ അഭിമുഖങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രമുഖ താരങ്ങളാരും അഭിമുഖത്തിന് എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

BCCI may give Chetan Sharma, another term as Chairman of Indian team Selection Committee
Author
First Published Jan 3, 2023, 3:33 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചേതര്‍ ശര്‍മ തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതോടെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പൂര്‍ണമായും പിരിച്ചുവിട്ടത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അവസാനം തെരഞ്ഞെടുത്തത്. എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ കണ്ടെത്തെനാവാഞ്ഞതോടെ ഈ പരമ്പരക്കുള്ള ടീമിനെയും ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

ഇതിനുശേഷം പുതിയ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ഉപദേശക സമിതി മുന്‍ താരങ്ങളുടെ അഭിമുഖങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പ്രമുഖ താരങ്ങളാരും അഭിമുഖത്തിന് എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വെങ്കടേഷ് പ്രസാദ് മാത്രമാണ് അഭിമുഖത്തിന് എത്തിയ മുന്‍ താരങ്ങളിലെ പ്രമുഖന്‍. ഈ സാഹചര്യത്തില്‍ ചേതന്‍ ശര്‍മക്ക് ഒരു ഊഴം കൂടി നല്‍കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍മാരെ മാറ്റി ബിസിസിഐ

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് 1.25 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ക്ക് 1 കോടി രൂപയും വാര്‍ഷിക പ്രതിഫലമായി ലഭിക്കും. ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിന് മുന്നോടിയായി പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുക എന്ന ഉത്തരവാദിത്തമാണ് ബിസിസിഐ ഉപദേശക സമിതിക്ക് മുന്നിലുള്ളത്.

വെങ്കടേഷ് പ്രസാദിനെ പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയോ ചേതന്‍ ശര്‍മയെ നിലനിര്‍ത്തുകയോ ചെയ്യുക എന്നതാണ് ബിസിസിഐക്ക് മുന്നിലുള്ള മാര്‍ഗം. ടി20 ലോകകപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാനായി ബിസിസിഐ കഴിഞ്ഞ ദിവസം അവലോകന യോഗം നടത്തിയെങ്കിലും സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ച് ഈ യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios