മുംബൈ: ലോകകപ്പ് തോൽവിയെക്കുറിച്ച് ഇന്ത്യൻ ടീമിനോട് വിശദീകരണം തേടില്ലെന്ന് ബിസിസിഐയുടെ താൽക്കാലിക അധ്യക്ഷൻ വിനോദ് റായ്. നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശർമ്മയും തമ്മിൽ ഭിന്നതയിലാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വിനോദ് റായ് പറഞ്ഞു.

കിരീടസാധ്യതയിൽ ഏറെ മുന്നിലുണ്ടായിരുന്ന ഇന്ത്യ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് നായകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരോട് തോൽവിയെക്കുറിച്ച് ബിസിസിഐ വിശദീകരണം തേടുമെന്ന വാർത്തകൾ വന്നത്. വിൻഡീസ് പര്യടനത്തിന് മുൻപ് കോച്ചിനോടും നായകനോടും വിശദീകരണം തേടാൻ സമയം ഇല്ലെന്നും ടൂർണമെന്‍റിന് ശേഷം സമർപ്പിക്കേണ്ട പതിവ് റിപ്പോർട്ട് ടീം മാനേജ്‌മെന്‍റ് ഇതുവരെ നൽകിയിട്ടില്ലെന്നും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായ് പറഞ്ഞു. തിങ്കളാഴ്ചയാണ് ഇന്ത്യൻ ടീം വിൻഡീസ് പര്യടനത്തിനായി പുറപ്പെടുക.

ഇന്ത്യൻ ടീമിൽ നായകന്‍ കോലിയും ഉപനായകന്‍ രോഹിത് ശർമ്മയും തമ്മിൽ ഭിന്നതയാണെന്ന വാർത്തകളും ബിസിസിഐ നിരസിച്ചു. ടീമിൽ വിഭാഗീയതയില്ല. കളിക്കാരോ പരിശീലകരോ ഇതേക്കുറിച്ച് സൂചനപോലും നൽകിയിട്ടില്ല. ആരുടെയോ ഭാവനയിൽ ഉണ്ടായ കാര്യമാണ് ഇതെന്നും വിനോദ് റായ് പറഞ്ഞു.