ഇന്ത്യൻ ടീമില്‍ വിരാട് കോലിക്ക് കീഴിലാണ് ഗംഭീര്‍ അവസാന ടെസ്റ്റ് കളിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
മുംബൈ: ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗൗതം ഗംഭീറിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിസിസിഐ ഉന്നതര്‍ ടീമിലെ സീനിയര്‍ താരമായ വിരാട് കോലിയോട് അഭിപ്രായം തേടിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഭാവി ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോട് മാത്രമാണ് ഗംഭീറിനെ കോച്ചാക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ ടീമില്‍ വിരാട് കോലിക്ക് കീഴിലാണ് ഗംഭീര്‍ അവസാന ടെസ്റ്റ് കളിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. 2023ലെ ഐപിഎല്ലില്‍ ആര്‍സിബി താരമായ കോലിയും ലഖ്നൗ മെന്‍രറായ ഗംഭീറും പരസ്യമായി കൊമ്പു കോര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ കോലിയും ഗംഭീറും സൗഹൃദം പുതുക്കിയതോടെ ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്‍റെ പ്രതിഫലം, തീരുമാനമെടുക്കാന്‍ സമയമുണ്ടെന്ന് ബിസിസിഐ
ഏകദിനത്തിലും ടെസ്റ്റിലും താന്‍ ക്യാപ്റ്റനായി തുടരുന്നതുവരെയെങ്കിലും ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരണമെന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഗ്രഹം. ദ്രാവിഡുമായുള്ള അടുത്ത ബന്ധം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രോഹിത്തും ഭാര്യ റിതകയും പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുടുംബത്തിനൊപ്പം സമയം ചെലവിടണമെന്ന് ചൂണ്ടിക്കാട്ടി ദ്രാവിഡ് തുടരാന്‍ വിസമ്മതിച്ചതോടെ പുതിയ പരിശീലകനായി ഗൗതം ഗഭീറിനെ രോഹിത്തും അംഗീകരിച്ചു.
നിര്‍ണായക തീരുമാനവുമായി ബിസിസിഐ, ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല
രോഹിത്തും ഗംഭീറും തമ്മിലുള്ള ബന്ധം ദ്രാവിഡുമായുള്ള ബന്ധം പോലെ ഊഷ്മളമായിരിക്കുമോ എന്നറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. തന്‍റെ സഹ പരിശീലകനായി ഗംഭീര്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരുടെ സേവനം തേടിയിട്ടുണ്ട്. അഭിഷേകും രോഹിത്തും അടുത്ത സുഹൃത്തുക്കളാണ്. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത്തും കോലിയും വിരമിച്ചതിനാല്‍ ഹാര്‍ദ്ദിക് ആയിരിക്കും ഇനി ഇന്ത്യയെ നയിക്കുക. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗംഭീറിന്‍റെ നിയമനത്തിന് മുമ്പ് ബിസിസിഐ ഹാര്‍ദ്ദിക്കിന്‍റെ അഭിപ്രായം തേടിയത്.
