മുംബൈ: പിന്‍കഴുത്ത് മറയ്ക്കുന്ന ഹെൽമറ്റ് ധരിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐയുടെ നിർദേശം. രണ്ടാം ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചറുടെ ബൗൺസർ കൊണ്ട് സ്റ്റീവ് സ്‌മിത്തിന് പരുക്കേറ്റതോടെയാണ് ബിസിസിഐ താരങ്ങൾക്ക് മുൻകരുതൽ നി‍ർദേശം നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ശിഖ‌ർ ധവാൻ മാത്രമാണ് കഴുത്തിനും സംരക്ഷണമുള്ള ഹെൽമറ്റ് ധരിക്കുന്നത്. 

നായകന്‍ കോലിയടക്കമുള്ള താരങ്ങളോട് ഹെൽമറ്റിനെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ താരങ്ങളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി. ഇതേസമയം കഴുത്തുമറയ്ക്കുന്ന ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അര്‍ച്ചറുടെ ബൗണ്‍സറേറ്റ് സ്‌മിത്തിന് പരിക്കേറ്റത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കഴുത്തുകൂടി മറയ്‌ക്കുന്ന ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകള്‍ സജീവമായത്. തലയില്‍ ഏറുകിട്ടി നിലത്തുവീണയുടനെ മൈതാനത്ത് പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും സ്‌മിത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ കളിക്കാതിരുന്ന താരത്തെ മൂന്നാം ടെസ്റ്റില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മാറ്റിനിര്‍ത്തിയിട്ടുണ്ട്.