അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വി വിലയിരുത്താന്‍ ബിസിസിഐ അടുത്ത മാസം അവലോകന യോഗം ചേരും. ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിലുള്ള സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാവിയും യോഗത്തില്‍ ചര്‍ച്ചയാകും.

മുംബൈ: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, സിംബാബ്വെ പര്യടനങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ അടുത്ത മാസം ആദ്യത്തില്‍ അവലോകന യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0 ന്റെ വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ സിംബാബ്വെക്കെതിരായ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ സ്വന്തമാക്കിക്കൊണ്ട് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ ആദ്യ വിജയം നേടി.

ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിലുള്ള സപ്പോര്‍ട്ട് സ്റ്റാഫിലെ ചില അംഗങ്ങളുടെ ഭാവി യോഗം തീരുമാനിക്കുമെന്നും ക്രിക്ക്ബസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലന്‍ഡിലെയും ഇംഗ്ലണ്ടിലെയും നിരാശാജനകമായ വൈറ്റ്-ബോള്‍ പരമ്പരകള്‍ക്ക് ശേഷം, ടീമിന്റെ ഓണ്‍-ഫീല്‍ഡ് പ്രകടനങ്ങളിലും തിരുത്തല്‍ നടപടികളിലും മാത്രമായിരിക്കും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ദേവജിത് സൈകിയ സ്ഥിരീകരിച്ചിരുന്നു. എഎന്‍ഐയോട് സംസാരിക്കവെ, പരമ്പര തോല്‍വികളെ 'കേവലം മോശം ഘട്ടം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇന്ത്യന്‍ ടി20 ടീമിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത ഉയര്‍ന്നിട്ടില്ല എന്നത് ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. എങ്കിലും, ഇത് അസ്വാഭാവികമായ ഒന്നല്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സംഭവിക്കാവുന്നതാണ്. ഇതൊരു കേവലം മോശം ഘട്ടമായാണ് ഞങ്ങള്‍ കാണുന്നത്.'' സൈകിയ പറഞ്ഞു.

സുനില്‍ ഗാവസ്‌കറുടെ മുന്നറിയിപ്പ്

അതേസമയം, കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ ബിസിസിഐക്ക് മുന്നറിയിപ്പ് നല്‍കി. ''തോല്‍വിയെക്കുറിച്ച് ബിസിസിഐ അവലോകനം നടത്താന്‍ പോകുന്നുണ്ട്, ചിലരുടെ തലകള്‍ ഉരുണ്ടേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കഷ്ടിച്ച് നാല് മാസം മുമ്പ് ലോക ചാമ്പ്യന്മാരായ ടീമിനെതിരെ അത്തരമൊരു തീവ്രമായ നടപടി ശരിയല്ല. ഫ്‌ളാറ്റ് ബാറ്റിംഗ് പിച്ചുകളില്‍ കളിക്കുന്നത് ഇന്ത്യന്‍ ബാറ്റര്‍മാരെ നശിപ്പിച്ചു എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐപിഎലിലെ ഫ്‌ലാറ്റ് പിച്ചുകളില്‍ പോലും ഭൂരിഭാഗം ഇന്ത്യന്‍ ബാറ്റര്‍മാരും ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ പാടുപെട്ടു. അതൊരു സാങ്കേതികപരമായ പരാജയമാണ്.'' ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.

YouTube video player