1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി ഒന്നാം ഇന്നിംഗ്സിൽ മാത്രം 320 റൺസ് നേടിയ രമൺ ലാംബയുടെ 39 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ ഇന്ന് ചെന്നൈയില്‍ മറികടന്നത്.
ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ രണ്ടാം ഇന്നിംഗ്സിലും വെടിക്കെട്ട് അര്‍ധസെഞ്ചുറി നേിടിയതോടെ ചരിത്രനേട്ടം സ്വന്തമാക്കി ഈസ്റ്റ് സോൺ നായകൻ ഇഷാൻ കിഷൻ. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ രണ്ട് ഇന്നിംഗ്സുകളിലുമായി 350 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷന്‍ ദുലീപ് ട്രോഫി ഫൈനലില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റുവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിൽ 270 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, വ്യാഴാഴ്ച രണ്ടാം ഇന്നിംഗ്സിൽ 98 പന്തിൽ നിന്ന് 80 റൺസ് കൂടി നേടി. 1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി ഒന്നാം ഇന്നിംഗ്സിൽ മാത്രം 320 റൺസ് നേടിയ രമൺ ലാംബയുടെ 39 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ ഇന്ന് ചെന്നൈയില്‍ മറികടന്നത്. ആദ്യ ഇന്നിംഗ്സില്‍ 270 റണ്‍സ് നേടിയതോടെ ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും ഈ മത്സരത്തിലൂടെ ഇഷാൻ സ്വന്തമാക്കിയിരുന്നു.
സൗത്ത് സോണിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരൻ (3) എന്നിവരെ തുടക്കത്തിലെ നഷ്ടമായി 13ന് 2 എന്ന നിലയിൽ തകര്‍ന്ന ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ വീണ്ടും കരകയറ്റി. മൂന്നാം വിക്കറ്റിൽ ഷികർ മോഹനുമൊത്ത് (52) 126 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇഷാന്‍ മുന്നില്‍ നിന്ന് നയിച്ചത്. 80 റണ്‍സടിച്ച കിഷൻ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി. ഇഷാന്‍റെ ബാറ്റിംഗ് കരുത്തില്‍ 584 റൺസിന്‍റെ വമ്പൻ ലീഡ് സ്വന്തമാക്കിയ ഈസ്റ്റ് സോൺ മത്സരം അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കെ, ദുലീപ് ട്രോഫികിരീടം ഉറപ്പിച്ചിട്ടുണ്ട്.
