കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഇന്ന് രാവിലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടത്. പിന്നാലെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴായിരുന്നു സംഭവം. അഞ്ചിയോപ്ലാസ്റ്റി ചെയ്തതിന് ശേഷം ഗാംഗുലിയെ ഡിസ്ചാര്‍ജ്  ചെയ്യും.

ഗാംഗുലിയുടെ ഇപ്പോഴത്തെ നിലയില്‍ പേടിക്കാനൊന്നുമില്ലെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേണ്‍ണലിസ്റ്റ് ബോറിയ മജൂംദാര്‍ ട്വീറ്റ് ചെയ്തു. ഉടനെ മോചിതനകാന്‍ കഴിയട്ടെയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജീ ട്വീറ്റ് ചെയ്തു. ട്വീറ്റ് ഇങ്ങനെ.. ''ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി അറിയുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏറെ വിഷമിപ്പിക്കുന്ന വാത്തയാണിത്. എത്രയും പെട്ടന്ന് പൂര്‍വ്വസ്ഥിതിയില്‍ ആവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'' മമതാ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു. 

കൊവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തത് ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ പൂര്‍ത്തിയാക്കിയിരുന്നു.