മുംബൈ: അടുത്തിടെയാണ് ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസാരിച്ചത്. മത്സരങ്ങള്‍ നടക്കുമെന്നാണ് ഗാംഗുലി പറഞ്ഞത്. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ സീസണ്‍ വെട്ടിച്ചുരുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

നാല് നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ അയച്ചു. സെപ്റ്റംബറില്‍ തുടങ്ങേണ്ട ആഭ്യന്തര ക്രിക്കറ്റ് സീസണ്‍, കൊവിഡ് വ്യാപനം കാരണമാണ് നീണ്ടത്. മത്സരങ്ങള്‍ എപ്പോള്‍ തുടങ്ങിയാലും ടി20 ടൂര്‍ണമെന്റിനാകും പ്രഥമ പരിഗണനയെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ, സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച ഈ മെയിലില്‍ വ്യക്തമാക്കി. 


ഡിസംബര്‍ 20നും ജനുവരി പത്തിനും ഇടയില്‍ മുഷ്താഖ് അലി ട്രോഫി ടി20 മത്സരങ്ങള്‍ നടത്താനാണ് ആലോചന. അഹമ്മദാബാദ് ആസ്ഥാനമായി പുതിയ ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ടി20 ടൂര്‍ണമെന്റ് ആദ്യം നടത്തുന്നത്.

ജനുവരി 11നും മാര്‍ച്ച് 18നും ഇടയിലെ 67 ദിവസങ്ങളിലായി രഞ്ജി ട്രോഫി സംഘടിപ്പിക്കാനാണ് ബിസിസിഐയിലെ ധാരണ. 38 ടീമുകളെ അഞ്ച് എലീറ്റ് ഗ്രൂപ്പും ഒരു പ്ലേറ്റ് ഗ്രൂപ്പുമായി തിരിക്കും, വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റ് നടത്താനും കഴിയുമെങ്കിലും രഞ്ജി ട്രോഫിയും മുഷ്താഖ് അലിയും മാത്രം സംഘടിപ്പിക്കാനാണ് സാധ്യത.