ദൈനിക് ജാഗരൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ മാര്‍ഗരേഖ പുറത്തിറക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകാറുള്ള അവരുടെ വ്യക്തിജീവിതത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം. ഇതിനെ 'ഗേൾഫ്രണ്ട് കൾച്ചർ' എന്ന് വിശേഷിപ്പിച്ച ബോർഡ്, വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

ദൈനിക് ജാഗരൺ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് ബിസിസിഐയെ പുതിയ മാര്‍ഗരേഖ പുറത്തിറക്കാന്‍ നിര്‍ബന്ധിതരാക്കിയത്. താരങ്ങളുടെ പങ്കാളികളില്‍ പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൂടിയാണ്. ടീമിനുള്ളിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അബദ്ധവശാൽ പോലും ഇവരിലൂടെ പുറത്തുപോകുന്നത് കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

ചില താരങ്ങളുടെ പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തതായി ബോർഡിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഐപിഎൽ പോലൊരു ലീഗിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ബിസിസിഐ നിലപാട്. ഗേൾഫ്രണ്ട്‌സിന് വേണ്ടി ടീം ബസുകൾ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായതായും ഔദ്യോഗിക അനുമതിയില്ലാതെ ഇവർ ടീം ഹോട്ടലുകളിൽ താമസിക്കുന്നതായും ബിസിസിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ബിസിസിഐയുടെ ഔദ്യോഗിക നയത്തിൽ കളിക്കാരുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളോടെ കൂടെ യാത്ര ചെയ്യാനും താമസിക്കാനും അനുമതിയുള്ളത്. എന്നാൽ ചില താരങ്ങൾ തങ്ങളുടെ പങ്കാളികളെ 'ഒഫീഷ്യൽ പാർട്ണർ' എന്ന് പരിചയപ്പെടുത്തി ഒപ്പം താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇത് ആര് അനുവദിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ സീസണിൽ തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് വാർത്തയായിരുന്നു. ഫ്രാഞ്ചൈസികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും, എല്ലാ ടീമുകൾക്കും ഒരുപോലെ ബാധകമായ ഒരു കേന്ദ്രീകൃത നിയമം നടപ്പിലാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. പുതിയ മാർഗനിർദ്ദേശങ്ങൾ ഇന്ത്യൻ ടീമിന്‍റെ വിദേശ പര്യടനങ്ങൾക്കും ബാധകമാക്കാനാണ് ബിസിസിഐയുടെ നീക്കം. അടുത്ത ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക