ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന തള്ളി ബിസിസിഐ! വനിതാ ടി20 ലോകകപ്പ് ഏറ്റെടുക്കാനാവില്ലെന്ന് ജയ് ഷാ
ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് സൈനിക മേധാവിയില്‍ നിന്ന് ബിസിബി സുരക്ഷാ ഉറപ്പ് തേടിയിരുന്നു.
ദുബൈ: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വേദിയാകണമെന്ന ഐസിസിയുടെ അഭ്യര്‍ത്ഥന തള്ളി ബിസിസിഐ. ബംഗ്ലാദേശിലെ നിലവില സാഹചര്യങ്ങള്‍ കാരണമാണ് വേദിമാറ്റം ആലോചിക്കുന്നത്. ഇന്ത്യ പിന്മാറിയതോടെ ശ്രീലങ്കയോ, യുഎഇയോ ലോകകപ്പ് വേദിയായേക്കും. ഐസിസി തീരുമാനം ഈ മാസം 20നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് വനിത ട്വന്റി 20 ലോകകപ്പ്. വേദി മാറ്റിയ കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.
നടത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നതിന്റെ കാരണങ്ങള്‍ ഇങ്ങനെ... ''ഇവിടെ മണ്‍സൂണ്‍ സമയമാണിപ്പോള്‍. അതിനപ്പുറം അടുത്ത വര്‍ഷം വനിതാ ഏകദിന ലോകകപ്പിന് ഞങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി ലോകകപ്പ് മത്സരങ്ങള്‍ നടത്തണമെന്ന് ഒരു തരത്തിലുള്ള സൂചനയും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ജയ് ഷാ വ്യക്തമാക്കി.
ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് സൈനിക മേധാവിയില്‍ നിന്ന് ബിസിബി സുരക്ഷാ ഉറപ്പ് തേടിയിരുന്നു. വനിതാ ടി20 ലോകകപ്പ് രണ്ട് നഗരങ്ങളിലായിട്ടാണ് നടക്കേണ്ടത്. സില്‍ഹെറ്റ്, മിര്‍പൂര്‍ എ്‌നിവയാണ് വേദികള്‍. അതേസമയം സന്നാഹ മത്സരങ്ങള്‍ സെപ്റ്റംബര്‍ 27 ന് ആരംഭിക്കും. ഇന്ത്യ, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് ഈ പറയുന്ന സമയ പരിധിക്കുള്ളില്‍ മറ്റൊരു വേദിയില്‍ ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.