മുംബൈ: ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയില്‍ ഒരു പങ്ക് ഇന്ത്യക്കുമുണ്ട്. അഫ്ഗാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യ അനുവദിച്ച ഹോം ഗ്രൗണ്ടുകളിലാണ്. അഫ്ഗാന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കുന്ന ടീമുകളിലും അംഗങ്ങളാണ്. ഇപ്പോഴിതാ മറ്റൊരു ആവശ്യം കൂടി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുകയാണ്. അഫ്ഗാന്‍ താരങ്ങളെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിരാശപ്പെടുത്തുന്ന മറുപടിയാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്.

അടുത്തിടെയാണ് അഫ്ഗാനിസ്ഥാന്‍ താരങ്ങളെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക് കത്തയച്ചത്. എന്നാല്‍ സുപ്രീം കോടതി നിയമിച്ച വിനോദ് റായ്‌യുടെ നേതൃത്വത്തിലുള്ള ഭരണ നിര്‍വഹണ സമിതി എതിര്‍പ്പ് അറിയിക്കുകയായിരുന്നു.  എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന പരിശീലന ക്യാംപുകളിലും, പരിശീലന പരിപാടികളിലും അഫ്ഗാന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കി.

നേരത്തെ, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവും അഫ്ഗാന്‍ ബോര്‍ഡ് ഉന്നയിച്ചിരുന്നു. അന്നും ബിസിസിഐ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ മൂന്നാമതൊരു ഹോംഗ്രൗണ്ട് കൂടി ബിസിസിഐ അനുവദിച്ചിരുന്നു. ലക്‌നൗവിലാണ് അഫ്ഗാന്റെ മൂന്നാം ഗ്രൗണ്ട്. ഡെറാഡൂണ്‍, നോയ്ഡ ഇവിടെയും അഫ്ഗാനിസ്ഥാന്‍ കളിക്കാറുണ്ട്.