2023-24 സാമ്പത്തിക വർഷത്തിൽ ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പകുതിയിലധികവും ഐപിഎല്ലിൽ നിന്നാണ്. 

മുംബൈ: ബിസിസിഐയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്‍റെ പതുതിയില്‍ അധികവും(59%) സംഭാവന ചെയ്തത് ഐപിഎല്ലാണ്. 5761 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് മാത്രമുള്ള വരുമാനം. ഇതിന് പുറമെ ഐപിഎല്‍ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണ അവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ബിസിസിഐ ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയെന്ന് റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദ് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിസിസിഐക്ക് ആകെ 30000 കോടി രൂപയുടെ കരുതല്‍ ധനമുണ്ടെന്നും ഇതിന്‍റെ പലിശയിനത്തില്‍ മാത്രം പ്രതിവര്‍ഷം ആയിരം കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ വരുമാനത്തില്‍ വനിതാ ഐപിഎല്ലില്‍ നിന്ന് 378 കോടി രൂപയും ഐസിസി വിഹിതമായി 1042 കോടി രൂപയും ടിക്കറ്റ്, പരസ്യവരുമാനങ്ങളില്‍ നിന്ന് 361 കോടി രൂപയും 2023-24 സാമ്പത്തിക വര്‍ഷം ബിസിസിഐ നേടി. 2021-22 സാമ്പത്തിക വര്‍ഷം ബിസിസിഐയുടെ ആകെ വരുമാനം 4360 കോടി രൂപയായിരുന്നെങ്കില്‍ 2022-23ല്‍ ഇത് 6820 കോടിയായി ഉയര്‍ന്നു. ഇതാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടിയായി ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാത്രം ആകെ ഉണ്ടായ വരുമാന വര്‍ധന 5000 കോടിക്ക് അടുത്താണ്.

2007ലാണ് ബിസിസിഐ ഐപിഎല്‍ തുടങ്ങിയത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണ് പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഐപിഎല്‍. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക ലീഗെന്ന നേട്ടവും ഐപിഎല്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിനെ പോലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി സി കെ നായിഡു ട്രോഫി ടൂര്‍ണമെന്‍റുകളെല്ലാം വാണിജ്യവല്‍ക്കരിച്ചാല്‍ ബിസിസിഐക്ക് മുമ്പാകെ വന്‍ അവസരമാണ് മുന്നിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഐസിസിയുടെ ആകെ വരുമാനത്തിന്‍റെ 80 ശതമാനവും സംഭാവന ചെയ്യുന്നതും ബിസിസിഐയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക