കൈയടി നേടുന്ന തീരുമാനവുമായി വീണ്ടും ജയ് ഷാ; ജൂനിയർ വനിതാ ക്രിക്കറ്റിലും സമ്മാനത്തുക ഏര്‍പ്പെടുത്തി ബിസിസിഐ
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പര്യം കാട്ടാതെ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നതിനെതിരെ ബിസിസിഐ കര്‍ശന നടപടിയുമായി രംഗത്തുവന്നിരുന്നു.
മുംബൈ: ഐസിസിയുടെ അടുത്ത ചെയർമാനാവാനൊരുങ്ങുന്നതിനിടെ രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടുന്ന തീരുമാനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂനിയര്‍ വനിതാ ക്രിക്കറ്ര് മത്സരങ്ങളിൽ പ്ലേയര്‍ ഓഫ് ദ് മാച്ച്, പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ് പുരസ്കാരങ്ങള്‍ക്ക് സമ്മാനത്തുക ഏര്‍പ്പെടുത്തുമെന്ന നിര്‍ണായക പ്രഖ്യാപനമാണ് ജയ് ഷാ ഇന്ന് നടത്തിയത്.ഇതിന് പുറമെ പുരുഷ ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഇനി മുതല്‍ പ്ലേയര്‍ ഓഫ് ദ് മാച്ചിനും പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റിനും സമ്മാനത്തുക ഉണ്ടായിരിക്കുമെന്ന് ജയ് ഷാ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും ജയ് ഷാ പറഞ്ഞു.ഇത്തരമൊരു തീരുമാനം നടപ്പാക്കാന് പിന്തുണ നല്‍കിയ ഭരണസമിതിക്ക് നന്ദി പറയുന്നുവെന്നും ജയ് ഷാ വ്യക്തമാക്കി. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന് കൂടി പ്രാധാന്യം നല്‍കാന്‍ ഇത്തമൊരു തീരുമാനത്തിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പര്യം കാട്ടാതെ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നതിനെതിരെ ബിസിസിഐ കര്‍ശന നടപടിയുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള നിര്‍ദേശം അനുസരിക്കാതിരുന്ന ശ്രേയസ് അയ്യരുടെയും ഇഷാന്‍ കിഷന്‍റെയും കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. ഇരുവരുടെയും കരാര്‍ ഇതുവരെ പുന:സ്ഥാപിച്ചിട്ടുമില്ല.
We are introducing prize money for the Player of the Match and Player of the Tournament in all Women’s and Junior Cricket tournaments under our Domestic Cricket Programme. Additionally, prize money will be awarded for the Player of the Match in the Vijay Hazare and Syed Mushtaq…
— Jay Shah (@JayShah) August 26, 2024
ദേശീയ താരങ്ങളായാലും ഇന്ത്യക്കായി കളിക്കാത്ത സമയങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരിക്കണമെന്ന കര്‍ശന നിബന്ധനയും ബിസിസിഐ മുന്നോട്ടുവെച്ചിരുന്നു. തുടര്‍ന്ന് ഈ സീസണിലെ ബുച്ചി ബാബു ക്രിക്കറ്റില്‍ ശ്രേയസ് അയ്യര്‍, സൂര്യകമാര്‍ യാദവ് തുടങ്ങിയ താരങ്ങള്‍ പോലും കളിക്കാന്‍ തയാറായി. ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിലാകട്ടെ രോഹിത്തും കോലിയും ബുമ്രയും ഒഴികെയുള്ള താരങ്ങളെല്ലാം കളിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കളിക്കാരുടെ പ്രതിഫല വര്‍ധനയും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് അധിക ബോണസും ഏര്‍പ്പെടുത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക