ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിംഗിനെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് യുവരാജ് സിംഗെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. യുവരാജിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ പന്ത്രണ്ടാം നമ്പര്‍ ജേഴ്സി ബിസിസിഐ പിന്‍വലിക്കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. എനിക്ക് താങ്കളെപ്പോലൊരു ചാമ്പ്യനായി ബാറ്റ് ചെയ്യാനായെങ്കില്‍ എന്ന വാചകത്തോടെയാണ് ഗംഭീര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രശസ്തമായ പത്താം നമ്പര്‍ ജേഴ്സി പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ബിസിസിഐ അന്നതിന് തയാറായില്ല. പിന്നീട് ശ്രീലങ്കക്കെതിരായ ഒരു മത്സരത്തില്‍ പേസ് ബൗളര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പത്താം നമ്പര്‍ ജേഴ്സി ധരിച്ചിറങ്ങിയതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ നിലവിലെ താരങ്ങള്‍ക്കാര്‍ക്കും പത്താം നമ്പര്‍ ജേഴ്സി നല്‍കേണ്ടെന്ന് തീരുമാനിച്ച ബിസിസിഐ 2017ല്‍ ജേഴ്സി പിന്‍വലിക്കുകയായിരുന്നു.

യുവരാജിന്റെ കാര്യത്തിലും ഇതേ ആവശ്യമാണ് ഗംഭീര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാവുമെന്ന് കണ്ടറിയണം.