മത്സരത്തില്‍ ബംഗ്ലാദേശ് സ്‌പിന്നര്‍ നഹിദ അക്തറിന്‍റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്തായത്
ധാക്ക: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ വിവാദ പുറത്താകലിന് പിന്നാലെ സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും അംപയറുടെ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്‌ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കാത്ത് കനത്ത ശിക്ഷ. ലെവല്‍ വണ്‍ കുറ്റം ചെയ്‌ത ഹര്‍മന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്‍റ് വിധിക്കുകയും ചെയ്യും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും മത്സര ശേഷം അംപയര്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തിന് 25 ശതമാനം പിഴയുമാണ് ലഭിക്കുക. ഓണ്‍ഫീല്‍ഡിലെ മോശം പെരുമാറ്റത്തിനാണ് നാലില്‍ മൂന്ന് ഡീമെറിറ്റ് പോയിന്‍റുകള്‍.
മത്സരത്തില്‍ ബംഗ്ലാദേശ് സ്‌പിന്നര്‍ നഹിദ അക്തറിന്‍റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്തായത്. എന്നാല്‍ അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച കൗര്‍ പിന്നാലെ സ്റ്റംപ് ബാറ്റ് കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദുമായി ഹര്‍മന്‍പ്രീത് കൗര്‍ കയര്‍ക്കുന്നുണ്ടായിരുന്നു. സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ബാറ്റില്‍ പന്ത് കൊണ്ടിരുന്നതായാണ് ഹര്‍മന്‍റെ വാദം. പിന്നാലെ മത്സരം കഴിഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍ സമ്മാനദാനവേളയിലും അംപയറിംഗിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തി.
'ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറിംഗ് പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം' എന്നുമായിരുന്നു സമ്മാനവേളയില്‍ ക്ഷണിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ വാക്കുകള്‍. മത്സര ശേഷം ബംഗ്ലാദേശ് താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അംപയര്‍മാര്‍ അവരുടെ ടീമിന്‍റെ ഭാഗമായിരുന്നുവെന്നും ഹര്‍മന്‍ ആരോപിച്ചിരുന്നു. അതേസമയം ബാറ്റിംഗില്‍ പുറത്തായ ശേഷം സ്റ്റംപ് അടിച്ചു തെറിപ്പിക്കുകയും അംപയര്‍മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്ത ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലാദേശ് ക്രിക്കറ്റിനെ അപമാനിച്ചുവെന്ന് ബംഗ്ലാ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പ്രതികരിച്ചു.
