ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ജസ്പ്രീത് ബുമ്ര ഫിറ്റ്നസ് വീണ്ടെടുത്ത് വരികയാണ്

ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് മുമ്പ് ഇന്ത്യന്‍ ആരാധകർക്ക് സന്തോഷവാർത്ത. പുറംവേദന കാരണം ഏറെക്കാലമായി മത്സരക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റാർ പേസർ ജസപ്രീത് ബുമ്ര ഓഗസ്റ്റില്‍ നടക്കുന്ന അയർലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയേക്കും എന്നാണ് ക്രിക്ബസിന്‍റെ റിപ്പോർട്ട്. ഓഗസ്റ്റ് 18, 20, 23 തിയതികളിലായാണ് ഈ മത്സരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുമ്രയെ ഇതിലേക്ക് പരിഗണിക്കാനുള്ള സാധ്യത വിരളമാണ്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ജസ്പ്രീത് ബുമ്ര ഫിറ്റ്നസ് വീണ്ടെടുത്ത് വരികയാണ്. അയർലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യാ കപ്പിലും കളിപ്പിച്ച് ഏകദിന ലോകകപ്പിന് ബുമ്രയെ സജ്ജമാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ടി20യില്‍ നാല് ഓവർ എറിഞ്ഞ് പതിയെ മത്സരക്രിക്കറ്റിലേക്ക് ബുമ്രയെ എത്തിക്കാനാണ് ബിസിസിഐയും ടീം മാനേജ്മെന്‍റും ദേശീയ ക്രിക്കറ്റ് അക്കാഡമിയും ശ്രമിക്കുന്നത്. ത്രീ-ഫോർമാറ്റ് പ്ലെയറായ ബുമ്രയുടെ വർക്ക് ലോഡ് ക്രമീകരിച്ചാവും പദ്ധതികളെല്ലാം.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതല്‍ ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര കളിച്ചിട്ടില്ല. പിന്നീട് നടുവിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ബുമ്രക്ക് ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നിരവധി പരമ്പരകളും ഐപിഎല്ലും നഷ്ടമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയ താരം ബൗളിം​ഗ് പുനരാരംഭിച്ചിട്ടുണ്ട്. എന്‍സിഎയില്‍ വച്ച് ബുമ്രയെ പരിശീലന മത്സരങ്ങള്‍ കളിപ്പിക്കും. ഇത് വിലയിരുത്തിയാവും ഇന്ത്യന്‍ ടീമിലേക്ക് താരത്തെ മടക്കിക്കൊണ്ടുവരിക. അയർലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ബുമ്രയെ കളിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക ഈ പരിശീലനത്തിലെ വിലയിരുത്തലിന് ശേഷമായിരിക്കും. 

Read more: കെ എല്‍ രാഹുലിന്‍റെ മടങ്ങിവരവ് വൈകും; സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലേക്കും?

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News