ഡ്രീം ഇലവന്‍ ഹേമങ് അമിന്‍ ബിസിസിഐ ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനുശേഷമാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഔദ്യോഗികമായി റദ്ദാക്കിയതായി അറിയിച്ചത്.

മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍മാരായ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ ഡ്രീം ഇലവനുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ച് ബിസിസിഐ. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള ‘പ്രൊമോഷൻ ആൻഡ്‌ റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ വ്യാഴാഴ്ച പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബിസിസിഐയും ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇന്നാണ് ബിസിസിഐ കരാര്‍ റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഭാവിയില്‍ ഇത്തരം സ്ഥാപനങ്ങളുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വാര്‍്തതാ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. 

ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പില്‍ സ്പോണ്‍സറില്ലാതെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ടൊയോട്ട അടക്കമുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യൻ ടീമിന്‍റെ ജേഴ്സി സ്പോൺസര്‍ഷിപ്പില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ ഡ്രീം ഇലവന്‍ ഹേമങ് അമിന്‍ ബിസിസിഐ ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനുശേഷമാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഔദ്യോഗികമായി റദ്ദാക്കിയതായി അറിയിച്ചത്. 

അതേസമയം, 2026വരെ ഡ്രീം ഇലവനുമായി സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടെങ്കിലും ഇടക്ക് വെച്ച് കരാര്‍ അവസാനിപ്പിച്ചതിന്‍റെ പേരില്‍ ബിസിസിഐക്ക് ഡ്രീം ഇലവൻ നഷ്ടപരിഹാരം നല്‍കേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിയമനിര്‍മാണം മൂലം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന കരാറിലെ വ്യവസ്ഥയാണ് ഡ്രീം ഇലവന് തുണയായത്.

18 വര്‍ഷം മുമ്പ് സ്ഥാപിതമായ ഡ്രീം ഇലവന് എട്ട് ബില്യണ്‍ ഡോളറിന്‍റെ മൂല്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യൻ ടീം സ്പോണ്‍സര്‍മാരായിരുന്ന ബൈജൂസ് സാമ്പത്തിക ക്രമക്കേടില്‍പെട്ടതോടെ 2023 ജൂലൈയിലാണ് ഡ്രീം ഇലവന്‍ ഇന്ത്യൻ ടീമിന്‍റെ ഓദ്യോഗിക സ്പോൺസര്‍മാരായത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയാണ് ഡ്രീം ഇലവന്‍ ജേഴ്സ് സ്പോണ്‍സര്‍ഷിപ്പിന് ബിസിസിഐക്ക് നല്‍കിയിരുന്നത്. ഇന്ത്യൻ ടീമിന് പുറമെ ഐപിഎല്ലിലും ശക്തമായ സാന്നിധ്യമായിരുന്നു ഡ്രീം ഇലവന്‍. ഇന്ത്യൻ താരങ്ങളായ രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, എം എസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം ഡ്രീം ഇലവന്‍റെ ബ്രാഡ് അംബാസഡര്‍മാരുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക