അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും.
മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. നീതു ഡേവിഡിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ്മ, രാധാ യാദവ്, സ്നേഹ് റാണ തുടങ്ങിയവരുടെ സ്ഥാനം ഉറപ്പാണ്. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനമുണ്ടെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികവുകാട്ടിയ ഹര്‍ലീന്‍ ഡിയോളും ടീമില്‍ സ്ഥാനം ഉറപ്പാക്കുന്നു.
മലയാളിതാരം മിന്നു മണിയെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യ എ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു വയനാട്ടുകാരിയായി മിന്നുമണി. ഓപ്പണർ ഷെഫാലി വർമ്മ ടീമിൽ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഓസ്ട്രേലിയ എക്കെതിരായ പരമ്പരയില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഷഫാലിക്ക് നേടാനായത്. ഇതുവരെ കളിച്ച 29 ഏകദിനങ്ങളില്‍ 23 മാത്രമണ് ഷഫാലിയുടെ ബാറ്റിംഗ് ശരാശരി. അതേസമയം മറ്റൊരു ഓപ്പണറായ പ്രതികാ റാവല്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സടിച്ചത് എന്നത് ഷഫാലിക്ക് വെല്ലുവിളിയാണ്. ഇതുവരെ കളിച്ച 14 ഇന്നിഗ്സില്‍ ആറ് അര്‍ധസെഞ്ചുറികള്‍ നേടാനും പ്രതിക്യ്ക്ക് കഴിഞ്ഞു. സ്മൃതി മന്ദാനക്കൊപ്പം പ്രതികയെ ഓപ്പണറായി തീരുമാനിച്ചാല്‍ ഷഫാലിയെ ബാക്ക് അപ്പ് ഓപ്പണറായി പരിഗണിക്കുമോ എന്നും കണ്ടറിയേണ്ടതാണ്.
പരിക്കുമാറി പേസര്‍ രേണുകാ സിംഗ് ടീമില്‍ തിരിച്ചെത്തുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. വനിതാ ഐപിഎല്ലിനുശേഷം രേണുക ഇന്ത്യക്കായി കളിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിക്കാന്‍ രേണുകയ്ക്ക് അവസരമുണ്ട്. ക്രാന്തി ഗൗഡ് ടീമിലെ രണ്ടാം പേസറാവുമ്പോള്‍ അരുന്ധതി റെഡ്ഡിയെ രേണുകയ്ക്ക് പകരം പരിഗണിക്കുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്. അമന്‍ജ്യോത് കൗറും മൂന്നാം പേസറായി ടീമിലെത്താനുള്ള മത്സരത്തിലുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഏകദിന ലോകകപ്പിന് വേദിയാവുന്നത്. സെപ്റ്റംബര്‍ 30ന് തുടങ്ങുന്ന ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.നവംബര്‍ രണ്ടിനാണ് ഫൈനല്‍.


