അവസാനം കളിച്ച 12 ടി20 മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്ന സഞ്ജു സാംസൺ-അഭിഷേക് ശർമ്മ കൂട്ടുകെട്ടിന് ഏഷ്യാ കപ്പിലും മാറ്റമുണ്ടായേക്കില്ല.

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സെലക്ഷൻ കമ്മിറ്റിയുടെ വാർത്താസമ്മേളനം. യുഎഇ വേദിയാവുന്ന ഏഷ്യാകപ്പിനായി സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നത് യുവതാരങ്ങളേയും ടി20 സ്പെഷ്യലിസ്റ്റുകളേയുമാണെന്നാണ് സൂചന. ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് ക്യാപ്റ്റനായി തുടരും.

സെലക്ഷൻ കമ്മിറ്റി യോഗത്തിൽ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും പങ്കെടുക്കും. അവസാനം കളിച്ച 12 ടി20 മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായിരുന്ന സഞ്ജു സാംസൺ-അഭിഷേക് ശർമ്മ കൂട്ടുകെട്ടിന് ഏഷ്യാ കപ്പിലും മാറ്റമുണ്ടായേക്കില്ല. ഇതോടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ടീമിലേക്കുള്ള വഴിയടയുമെന്നാണ് കരുകുന്നത്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായിരിക്കും. മൂന്നാം നമ്പറിൽ തിലക് വർമ്മയും സുരക്ഷിതനാണ്. സൂര്യകുമാർ, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ എന്നിവരുടെ മധ്യനിരയിലെ സ്ഥാനം ഉറപ്പ്. ശ്രേയസ് അയ്യരും റിങ്കു സിംഗുമാണ് ബാറ്റിംഗ് നിരയിലെത്താൻ മത്സരിക്കുന്നത്.

രണ്ടാം കീപ്പറായി ജിതേഷ് ശർമ്മയെ പരിഗണണിക്കും. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവിനും വരുൺ ചക്രവർത്തിയും ടീമിലെത്തും. യുഎഇയിലെ സാഹചര്യങ്ങളും നിലവിലെ ഫോമും പരിഗണിച്ച് വാഷിംഗ്ടൺ സുന്ദറിനെയും പരിഗണിച്ചേക്കും. നേരിയ പരിക്കുണ്ടെങ്കിലും ഏഷ്യാ കപ്പിൽ കളിക്കാൻ തയ്യാറാണെന്ന് പേസര്‍ ജസ്പ്രീത് ബുമ്രയും വ്യക്തമാക്കിയിട്ടുണ്ട്. അർഷ്ദീപ് സിംഗിന്‍റെ സ്ഥാനവും ഉറപ്പാണ്.

ഇംഗ്ലണ്ടിൽ എല്ലാ ടെസ്റ്റിലും പന്തെറിഞ്ഞ മുഹമ്മദ് സിറാജിന് വിശ്രമം നൽകുമ്പോൾ മൂന്നാം പേസറായി ടീമിലെത്താൻ മത്സരിക്കുന്നത് പ്രസിദ്ധ്കൃഷ്ണയും ഹർഷിത് റാണയുമാണ്. സെപ്റ്റംബർ ഒൻപത് മുതൽ 28വരെയാണ് ഏഷ്യാകപ്പ്. പതിനാലിനാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക