ടീം തിരിച്ചുവരുന്നതിന് അനുസരിച്ച് അഹമ്മദാബാദിലായിരിക്കും അനുമോദന ചടങ്ങ് നടക്കുക. അഞ്ചാം കിരീടം നേടിയ ടീമിലെ അംഗങ്ങള്‍ക്ക് ബിസിസിഐ 40 ലക്ഷം രുപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ (U19 World Cup) ജേതാക്കളായ ഇന്ത്യന്‍ ടീമിനെ ബിസിസിഐ (BCCI) അനുമോദിക്കും. ടീം തിരിച്ചുവരുന്നതിന് അനുസരിച്ച് അഹമ്മദാബാദിലായിരിക്കും അനുമോദന ചടങ്ങ് നടക്കുക. അഞ്ചാം കിരീടം നേടിയ ടീമിലെ അംഗങ്ങള്‍ക്ക് ബിസിസിഐ 40 ലക്ഷം രുപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പരിശീലകര്‍ക്ക് 25 ലക്ഷം രൂപ വീതവും നല്‍കും. 

ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം വീണ്ടെടുത്തത്. വിജയത്തിന് പിന്നാലെ ഗയാനയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ കെ ജെ ശ്രീവാസ്തവ ഇന്ത്യന്‍ ടീമിന് സ്വീകരണം നല്‍കിയിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീം അഹമ്മദാബാദില്‍ വിന്‍ഡീസിനെതിരെ ഏകദിന പരന്പരയില്‍ കളിക്കുകയാണിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് അനുമോദന ചടങ്ങ് അഹമ്മദാബാദില്‍ നടത്തുന്നത്.

എന്നാല്‍ അണ്ടര്‍ 19 താരങ്ങളെ കാണുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. കൊവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കെ അതിന് സാധ്യതയില്ലെന്നാണ് കരുതുന്നത്. യഷ് ദുള്‍ നയിച്ച ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. മുന്‍ ഇന്ത്യന്‍ താരം ഋഷികേഷ് കനിത്കറാണ് ഇന്ത്യയുടെ കോച്ച്. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചീഫ് വി വി എസ് ലക്ഷ്മണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. നേരത്തെ ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നിട്ടും അഞ്ചാം തവണയും കിരീടമുയര്‍ത്താന്‍ ടീം ഇന്ത്യക്കായി.