മുംബൈ: ഇന്ത്യന്‍ ആരാധകരെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു ഇന്ത്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അത്ര രസത്തിലല്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഇരുവര്‍ക്കും പങ്കിട്ടുനല്‍കണമെന്ന് അഭിപ്രായമുണ്ടായി.

ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതോടെയാണ് ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നത്. മാത്രമല്ല, രോഹിത് നേരത്തെ ഇന്ത്യയിലേക്ക് മടങ്ങിയത് അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി. നേരത്തെ, വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് കോലി വിട്ടുനല്‍ക്കുമെന്നും രോഹിത് നയിക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. 

എന്നാല്‍ കോലി ടീമിനൊപ്പം തുടരുകയായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന ചിന്തയാണ് കോലിയെ ടീമിനൊപ്പം തുടരാന്‍ പ്രേരിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

ഇപ്പോഴിതാ ഇരുവരെയും സംബന്ധിച്ച് പുറത്തുവരുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടോയെന്ന് അന്വേഷിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ബിസിസിഐ സിഇഒ അമേരിക്കയിലെത്തി താരങ്ങളുമായി ചര്‍ച്ച നടത്തും. അങ്ങനെയുണ്ടെങ്കില്‍ പരിഹാരം കാണാനുമാണ് ബിസിസിഐ ശ്രമിക്കുന്നത്.