മുംബൈ: ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ബിസിസിഐയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. കൊവിഡ് 19 വൈറസ് രോഗബാധമൂലം നിര്‍ത്തിവെച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനായില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതകളാണ് ബിസിസിഐ നേരിടേണ്ടിവരികയെന്നും അരുണ്‍ ധുമാല്‍ സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നാണ് ബിസിസിഐ.

ബിസിസിഐയുടെ പ്രധാന വരുമാന മാര്‍ഗമാണ് ഐപിഎല്‍. ഈ വര്‍ഷം ഐപിഎല്‍ നടത്താനായില്ലെങ്കില്‍ അത് ബിസിസിഐയെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിടും. ഐപിഎല്‍ എന്ന് ആരംഭിക്കാനാകുമെന്നതിനെക്കുറിച്ച് നിലവില്‍ ബിസിസിഐക്കും ധാരണയില്ല. കാത്തിരിക്കുകയേ നിര്‍വാഹമുള്ളുവെന്നും ധുമാല്‍ വ്യക്തമാക്കി.

Also Read:'ദ്രാവിഡിന്റെ ആ ചോദ്യം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു; ഒരു സ്വപ്നം പോലെയായിരുന്നു അത്'; സഞ്ജു സാംസണ്‍

ബിസിസഐയുടെ പ്രതിസന്ധി സംസ്ഥാന അസോസിയേഷനുകളെയും ബാധിക്കും. സ്റ്റേഡ‍ിയങ്ങളും അവിടങ്ങളിലെ വിലകൂടിയ യന്ത്രസംവിധാനങ്ങളും അവിടുത്തെ ജീവനക്കാരെയും എല്ലാം നോക്കേണ്ട ചുമതലയുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്ക് അതിന് കഴിയാതെ വരും. ബിസിസിഐയില്‍ ശമ്പളം വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. അത് അവസാന നടപടിയായി മാത്രമെ ആലോചിക്കു.

Also Read: സച്ചിനില്ലാത്ത ഒരു ലോകകപ്പ് ടീം..! ഇതിഹാസത്തെ പുറത്താക്കാനാവില്ല, എന്നാല്‍ അഫ്രീദി പുറത്താക്കും

കൊവിഡ് മഹാമാരി വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. കൊവിഡ് ആശങ്കയൊഴിഞ്ഞാല്‍ വിവിധ ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19നെ തുടര്‍ന്ന് ആദ്യം ഏപ്രില്‍ 15ലേക്കും പിന്നീട് അനിശ്ചിത കാലത്തേക്കും നീട്ടിവെച്ചിരുന്നു. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ 3000 കോടിയോളം രൂപ ബിസിസിഐക്ക് നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.