2018-ലെ സാൻഡ്‌പേപ്പർ ഗേറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി കാമറൂൺ ബാൻക്രോഫ്റ്റ്. ഡ്രസ്സിംഗ് റൂമിലെ കൂടുതൽ താരങ്ങൾക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും ബൗളർമാർക്കും പങ്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിഡ്‌നി: 2018-ൽ ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 'സാൻഡ്‌പേപ്പർ ഗേറ്റ്' (പന്ത് ചുരണ്ടൽ) വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റ്. പന്തിൽ സാൻഡ്‌പേപ്പർ ഉപയോഗിക്കാനുള്ള പദ്ധതിയിൽ നിന്ന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മനഃപൂർവ്വം വിട്ടുനിൽക്കുകയായിരുന്നുവെന്നും, താനും ഡേവിഡ് വാർണറും മാത്രമല്ല, ഡ്രസ്സിംഗ് റൂമിലെ കൂടുതൽ താരങ്ങൾക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും ബാൻക്രോഫ്റ്റ് വെളിപ്പെടുത്തി. 'ദി വെസ്റ്റ് ഓസ്‌ട്രേലിയൻ' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ബാൻക്രോഫ്റ്റിന്‍റെ തുറന്നുപറച്ചിൽ.

പന്തിൽ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വന്നിരുന്നു. എന്നാൽ തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം അവിടെനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് 2018-ലെ കേപ്ടൗൺ ടെസ്റ്റിനിടെ നടന്ന സംഭവങ്ങളെക്കുറിച്ച് ബാൻക്രോഫ്റ്റ് പറഞ്ഞു. സാൻഡ്‌പേപ്പർ ഉപയോഗിക്കുന്നത് വഞ്ചനയാണെന്ന് തനിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും, എന്നാൽ തന്‍റെ ഏഴാം ടെസ്റ്റ് മാത്രം കളിക്കുന്ന ഒരു യുവതാരമെന്ന നിലയിൽ ടീമിനായി എന്തെങ്കിലും ചെയ്യണമെന്ന അമിതാവേശമാണ് തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതെന്നും ബാൻക്രോഫ്റ്റ് സമ്മതിച്ചു. അന്ന് എന്നോട് ഒരു മതിൽ ഇടിച്ചുതകർക്കാൻ പറഞ്ഞാൽ പോലും ഞാൻ ചെയ്യുമായിരുന്നുവെന്നം ബാൻക്രോഫ്റ്റ് കൂട്ടിച്ചേർത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ചില സഹതാരങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതായും, മറ്റു ചിലർ താനായിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞതായും ലേഖനത്തിലുണ്ട്. ഓസ്‌ട്രേലിയൻ പേസ് ബൗളർമാരായ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവർക്കെതിരെയാണ് ബാൻക്രോഫ്റ്റിന്റെ ഏറ്റവും ഗുരുതരമായ ആരോപണം. പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നുണ്ടോ എന്ന് താൻ ഇവരോട് നിരന്തരം സംസാരിച്ചിരുന്നുവെന്നും, പന്ത് ചുരണ്ടിയതിന് ഫലമുണ്ടോ എന്ന് ബൗളർമാർ മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പന്തിന്‍റെ ചലനത്തെക്കുറിച്ച് സംസാരിക്കുകയും മത്സരത്തിലുടനീളം പന്ത് കൈകാര്യം ചെയ്യുകയും ചെയ്ത ബൗളർമാർക്ക് പന്തിൽ കൃത്രിമം നടന്നത് അറിയില്ലായിരുന്നു എന്ന വാദം ഇതോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. നേരത്തെ കമിൻസും സംഘവും ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു.

പിന്തുണയുമായി വാർണർ; പുനരന്വേഷണമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിനെ മുൻ സഹതാരം ഡേവിഡ് വാർണറും പിന്തുണച്ചു. വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന വലിയൊരു ഭാരം ഇറക്കിവെക്കാൻ ബാൻക്രോഫ്റ്റിന് സാധിച്ചതിൽ സന്തോഷമുണ്ടെന്നും, അവൻ പറഞ്ഞത് സത്യമാണെന്നും വാർണർ പ്രതികരിച്ചു. അതേസമയം, 2018-ലെ അന്വേഷണം വീണ്ടും തുറക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. അന്ന് സ്മിത്തിനും വാർണർക്കും ഒരു വർഷവും ബാൻക്രോഫ്റ്റിന് ഒൻപത് മാസവുമായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, 2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പങ്കെടുത്ത താരങ്ങൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി പ്രത്യേക വേദി ഒരുക്കാൻ ബോർഡ് ആലോചിക്കുന്നുണ്ട്.
YouTube video player