ഇന്നിംഗ്സിൽ പതിനേഴ് തവണയാണ് പന്ത് അതിർത്തിക്ക് അപ്പുറത്തേക്ക് പറത്തിയത്
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ (County cricket) വെടിക്കെട്ട് ബാറ്റിംഗുമായി ബെൻ സ്റ്റോക്‌സ് (Ben Stokes). 161 റൺസെടുത്ത ഇംഗ്ലണ്ട് നായകൻ 17 സിക്സറാണ് പറത്തിയത്. വോർസെസ്റ്റർഷെയറിനെതിരെ ആയിരുന്നു ബെൻ സ്റ്റോക്സിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഡർഹാം ഓൾറൗണ്ടർ സെഞ്ച്വറിയിലെത്തിയത് അറുപത്തിനാലാം പന്തിൽ. ജോഷ് ബേക്കറെ തുടർച്ചയായ അഞ്ച് സിക്സർ പറത്തിയായിരുന്നു നേട്ടം.
സെഞ്ചുറിക്ക് ശേഷവും ബെന്‍ സ്റ്റോക്‌സിന്‍റെ സിക്‌സര്‍വേട്ട തുടർന്നു. ഇന്നിംഗ്സിൽ പതിനേഴ് തവണയാണ് പന്ത് അതിർത്തിക്ക് അപ്പുറത്തേക്ക് പറത്തിയത്. കൗണ്ടി ക്രിക്കറ്റിലെ ഒരിന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറെന്ന റെക്കോർഡും സ്റ്റോക്‌സ് സ്വന്തമാക്കി. 1995ൽ ആൻഡ്രു സൈമണ്ട്സ് നേടിയ 16 സിക്‌സിന്‍റെ റെക്കോർഡാണ് സ്റ്റോക്‌സ് മറികടന്നത്.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ നായകനായി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാവുന്ന 81-മത്തെ ക്രിക്കറ്ററാണ് സ്റ്റോക്‌സ്. അഞ്ച് വര്‍ഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനായിരുന്ന റൂട്ട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ നായകസ്ഥാനം രാജിവെച്ചിരുന്നു.
ജൂണ്‍ രണ്ടിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാവും നായകനായുള്ള സ്റ്റോക്‌സിന്‍റെ അരങ്ങേറ്റം. 2020ല്‍ ജോ റൂട്ടിന്‍റെ അഭാവത്തില്‍ ഒരു ടെസ്റ്റില്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. 79 ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള സ്റ്റോക്‌സ് 5061 റണ്‍സും 174 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2017 മുതല്‍ രണ്ട് ഘട്ടങ്ങളിലായി ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു 30കാരനായ ബെന്‍ സ്റ്റോക്സ്.
