ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് 2026 ഫിഫ ലോകകപ്പിലൂടെ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ലണ്ടൻ: ലോകകപ്പ് ഫുട്ബോളും ക്രിക്കറ്റ് ലോകകപ്പും തമ്മിൽ ജനപ്രീതിയിൽ വലിയ മത്സരമാണെങ്കിലും സമ്മാനത്തുകയുടെ കാര്യത്തിൽ ഇരു കായിക മത്സരളും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്. 2026 ഫിഫ ലോകകപ്പിലെയും 2026 ഐ.സി.സി ടി20 ലോകകപ്പിലെയും വിജയികള്‍ക്ക് ലഭിച്ച സമ്മാനത്തുകകൾ താരതമ്യം ചെയ്താൽ ആരാധകര്‍ ശരിക്കും അമ്പരക്കും.

ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് 2026 ഫിഫ ലോകകപ്പിലൂടെ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 48 ടീമുകൾ, 3 ആതിഥേയ രാജ്യങ്ങൾ, 16 സ്റ്റേഡിയങ്ങളിലായി 39 ദിവസങ്ങളിലായി നടക്കുന്ന 104 മത്സരങ്ങൾ എന്നിവ ഈ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാക്കി മാറ്റുന്നു. 1998-ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. കളിക്കളത്തിൽ മാത്രമല്ല, സമ്മാനത്തുകയുടെ കാര്യത്തിലും ഫിഫ ഇത്തവണ റെക്കോർഡിട്ടു കഴിഞ്ഞു. ഫിഫ ലോകകപ്പിലെ ആകെ സമ്മാനത്തുക മുൻപത്തെ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്‍റെ വർദ്ധനവോടെ 655 മില്യൺ യു.എസ് ഡോളറായി((ഏകദേശം ₹5,469 കോടി രൂപ) ഉയർത്തിയിട്ടുണ്ട്.

ഫിഫയുടെ റെക്കോർഡ് തുക

2026 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കായി മൊത്തം 727 മില്യൺ യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഫിഫ കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 655 മില്യൺ യു.എസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകൾക്കായി സമ്മാനത്തുകയായി മാത്രം വിതരണം ചെയ്യും. ഇത്തവണ ഫിഫ ലോകകപ്പ് നേടുന്ന ടീമിന് മാത്രം ലഭിക്കുക 50 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 417.5 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ ഡോളറും((ഏകദേശം 275.5 കോടി രൂപ) ലഭിക്കും. ഇതുകൂടാതെ യോഗ്യത നേടുന്ന ഓരോ ടീമിനും ഒരുക്കങ്ങൾക്കായി 1.5 മില്യൺ ഡോളർ വീതം ഫിഫ നൽകും. അതായത്, ആദ്യ റൗണ്ടിൽ (33 മുതൽ 48 വരെയുള്ള സ്ഥാനങ്ങളിൽ) പുറത്താകുന്ന ടീമുകൾക്ക് പോലും ചുരുങ്ങിയത് 10.5 മില്യൺ ഡോളർ (ഏകദേശം 87 കോടി രൂപ) ഉറപ്പായും ലഭിക്കും.

ക്രിക്കറ്റിലെ ചാമ്പ്യന്മാർ എത്ര പിന്നിൽ

എന്നാൽ, ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്‍റുകളിലൊന്നായ ടി20 ലോകകപ്പിലെ സമ്മാനത്തുക ഫിഫ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലിയ അന്തരമാണുള്ളത്. 2026 ടി20 ലോകകപ്പിലെ ആകെ സമ്മാനത്തുകയുടെ പൂൾ വെറും 11.25 മില്യൺ യു.എസ് ഡോളർ((ഏകദേശം ₹94 കോടി രൂപ) മാത്രമായിരുന്നു. അതായത് ഫുട്ബോൾ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താകുന്ന ഒരു ടീമിന് ലഭിക്കുന്ന തുകയോളം (10.5 മില്യൺ ഡോളർ) മാത്രമാണ് ക്രിക്കറ്റ് ലോകകപ്പിലെ ആകെ സമ്മാനത്തുക!

2026 ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യയ്ക്ക് സമ്മാനമായി ലഭിച്ചത് 2.63 മില്യൺ യു.എസ് ഡോളർ (ഏകദേശം 22 കോടി ഇന്ത്യൻ രൂപ) മാത്രമാണ്. റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡിന് 1.42 മില്യൺ ഡോളറുമാണ്((ഏകദേശം ₹11.8 കോടി രൂപ) ലഭിച്ചത്. ആഗോളതലത്തിൽ ഫുട്ബോളിനുള്ള സ്വീകാര്യതയും സാമ്പത്തിക മൂല്യവും വ്യാപ്തിയും ക്രിക്കറ്റിനേക്കാൾ എത്രയോ മുകളിലാണെന്ന് അടിവരയിടുന്നതാണ് ഫിഫ പുറത്തുവിട്ട ഈ കണക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക