പോര്‍ട്ട് എലിസബത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സിന് ശ്രദ്ധേയമായ നേട്ടം. ടെസ്റ്റില്‍ 4000 റണ്‍സും 100 വിക്കറ്റും തികയ്ക്കുന്ന ഏഴാമത്തെ ഓള്‍റൗണ്ടറായി സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ സെഞ്ച്വറി നേടിയപ്പോളാണ് സ്റ്റോക്‌സ്, ടെസ്റ്റില്‍ 4000 റണ്‍സ് തികച്ചത്. 62ആം ടെസ്റ്റിലാണ് സ്റ്റോക്‌സിന്റെ നേട്ടം.

ഇതിഹാസ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതത്തിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആണ് സ്റ്റോക്‌സ്. ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, കപില്‍ ദേവ്, കാള്‍ ഹൂപ്പര്‍, ഡാനിയേല്‍ വെട്ടോറി,
ജാക്ക് കാലിസ് എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 

ഇവരില്‍ 434 വിക്കറ്റുളള കപില്‍ ദേവും, ബാറ്റിംഗില്‍ 13,289 റണ്‍സ് നേടിയ കാലിസുമാണ് മുന്നില്‍. സ്റ്റോക്‌സിന്റെ അക്കൗണ്ടില്‍ 4026 റണ്‍സും 142 വിക്കറ്റും സ്വന്തമായിട്ടുണ്ട്.