സിഡ്‌നി: ആഷസില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ഓസ്‌ട്രേലിയ ഭയക്കണമെന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സ്റ്റോക്‌സായിരിക്കും ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പരമ്പരയുടെ വിധി തീരുമാനിക്കുകയെന്നും പോണ്ടിംഗ് വ്യക്തമാക്കി. അടുത്തിടെ അവസാനിച്ച ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയ താരമാണ് ബെന്‍ സ്റ്റോക്‌സ്.

ബെന്‍ സ്റ്റോക്‌സ് മികച്ച താരമാണ്. വളരെ പക്വതയോടെയാണ് കളിക്കുന്നത്. ലോകകപ്പില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികവിലേക്കുയരുന്നത് കണ്ടു. സാഹചര്യങ്ങള്‍ തിരിച്ചറിയാനും അതിനനുസരിച്ച് പുറത്തെടുക്കേണ്ട മികവ് എന്തെന്ന് മനസിലാക്കാനുള്ള പക്വതയും താരം കൈവരിച്ചതായും ഇതിഹാസ നായകന്‍ പറഞ്ഞു. 

ലോകത്തെ മികച്ച താരങ്ങള്‍ക്കൊപ്പമാണ് സ്റ്റോക്‌സിനെ പോണ്ടിംഗ് പരിഗണിക്കുന്നത്. മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ നിന്ന് കാണാനാവുന്ന ഗംഭീര ടെസ്റ്റ് ഇന്നിംഗ്‌സുകള്‍ സ്റ്റോക്‌സ് കളിക്കുന്നത് കണ്ടിട്ടുണ്ട്. പന്ത് കൊണ്ടും മികവിലേക്കുയരാനാവുന്നു. ലോകത്തെ മികച്ച ഫീല്‍ഡര്‍മാരില്‍ സ്റ്റോക്‌സിന്‍റെ പേരില്ലെങ്കില്‍ താന്‍ അത്ഭുതപ്പെടുമെന്നും എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ പോണ്ടിംഗ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് കൂട്ടിച്ചേര്‍ത്തു.