ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച വിവാദ ബൗണ്ടറിയെ കുറിച്ച് മനസ് തുറന്ന് ബെന്‍ സ്റ്റോക്‌സ്. നേരത്തെ, അങ്ങനെ സംഭവിച്ച് പോയതില്‍ ന്യൂസിലന്‍ഡ് ടീമിനോടും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനോടും സ്‌റ്റോക്‌സ് മാപ്പ് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച ആ ബൗണ്ടറിക്ക് ശേഷം സംഭവിച്ച മറ്റൊരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റോക്‌സ്. 

നേരായ മാര്‍ഗത്തിലൂടെയല്ലാതെ കിട്ടിയ ആ നാല് റണ്‍സ് വേണ്ടെന്ന് അമ്പറയോട് പറഞ്ഞിട്ടില്ലെന്ന് സ്റ്റോക്‌സ് വ്യക്തമാക്കി. നേരത്തെ, മൈക്കല്‍ വോണും ജയിംസ് ആന്‍ഡേഴ്‌സണും പറഞ്ഞത് ആ റണ്‍സ് വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞുവെന്നാണ്. എന്നാലിത് തിരുത്തിയിരിക്കുകയാണ് സ്റ്റോക്‌സ്. 

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ തുടര്‍ന്നു... '' ഓവര്‍ ത്രോയിലൂടെ ലഭിച്ച നാല് റണ്‍സ് വേണ്ടെന്ന് അമ്പയറോട് ആവശ്യപ്പെട്ടിരുന്നില്ല. ന്യൂസിലന്‍ഡ് കീപ്പര്‍ ടോം ലാഥത്തിനടുത്തായിരുന്നു ഞാന്‍. ലാഥത്തോട് ക്ഷമ പറഞ്ഞു. അപ്പോള്‍ തന്നെ വില്യംസണിനോടും ക്ഷമ ചോദിച്ചു. അല്ലാതെ മറിച്ചൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ അമ്പയറുമായി സംസാരിച്ചിട്ടില്ല.''

ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് ഇന്നിങ്‌സിലെ അവസാന ഓവറില്‍ ഗപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിലൈന്‍ തൊടുകയായിരുന്നു. ഓടിയെടുത്ത രണ്ട് റണ്‍സ് കൂടി ചേര്‍ന്നതോടെ ഇംഗ്ലണ്ട് ആറ് റണ്‍സ് ലഭിച്ചു. ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചതും ഈ റണ്‍സായിരുന്നു.