ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് നഷ്‌ടമാകും. കുടുംബ ആവശ്യത്തിനായാണ് സ്റ്റോക്‌സ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഈ ആഴ്‌ചയ്‌ക്കൊടുവില്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കും.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെന്‍ സ്റ്റോക്‌സ് പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയമായിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ 0, 9 എന്നിങ്ങനെയായിരുന്നു സ്റ്റോക്‌സിന്‍റെ സ്‌കോര്‍. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കി ബൗളിംഗില്‍ നിര്‍ണായകമായി. 

മാഞ്ചസ്റ്ററില്‍ മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. തോല്‍വി മുന്നില്‍ കണ്ടിരുന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സ് (പുറത്താവാതെ 84), ജോസ് ബട്‌ലര്‍ (75) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: പാകിസ്ഥാന്‍ 326 & 169, ഇംഗ്ലണ്ട് 219 & 277/7. ടെസ്റ്റില്‍ ഒന്നാകെ 103 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത വോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. സതാംപ്‌ടണില്‍ ഓഗസ്റ്റ് 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 

വോക്‌സ്- ബട്‌ലര്‍ നയിച്ചു; പാകിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം