നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരോട് വിറച്ച ഓസീസ് ഇന്നിംഗ്‌സിനും 132 റണ്‍സിനും കൂറ്റന്‍ തോല്‍വി നേരിട്ടിരുന്നു
ദില്ലി: നാഗ്‌പൂരിലെ സ്‌പിന്‍ പരീക്ഷ തോറ്റ ഓസ്‌ട്രേലിയക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ പ്രതീക്ഷ നിലനിര്‍ത്താന്‍ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. രവീന്ദ്ര ജഡേജയുടേയും രവിചന്ദ്ര അശ്വിന്‍റേയും സ്‌പിന്‍ കെണിക്ക് മുന്നില്‍ തലവെച്ച് കൊടുത്ത ഓസീസ് മുന്‍നിരയ്ക്ക് ദില്ലി ടെസ്റ്റില്‍ സ്ഥാനച്ചലനം സംഭവിച്ചേക്കും. ഇന്ത്യയില്‍ ടെസ്റ്റില്‍ പരാജയമെന്ന് മുദ്രകുത്തപ്പെട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ കസേരയാണ് തെറിക്കുന്നതിന് തൊട്ടരികിലുള്ളത്.
നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരോട് വിറച്ച ഓസീസ് ഇന്നിംഗ്‌സിനും 132 റണ്‍സിനും കൂറ്റന്‍ തോല്‍വി നേരിട്ടിരുന്നു. ഇന്ത്യ 400 റണ്‍സ് നേടിയ പിച്ചില്‍ ആദ്യ ഇന്നിംഗ്‌സില്‍ 177 ഉം രണ്ടാം വരവില്‍ 91 ഉം റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് സ്കോര്‍ ബോര്‍ഡില്‍ കുറിക്കാനായത്. ആദ്യ ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ വാര്‍ണറുടെ വിക്കറ്റ് തെറിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന് മുന്നില്‍ ബൗള്‍ഡായി. 1, 10 എന്നിങ്ങനെയായിരുന്നു മത്സരത്തില്‍ വാര്‍ണറുടെ സ്‌കോറുകള്‍. ഇതോടെയാണ് ദില്ലി ടെസ്റ്റില്‍ സ്റ്റാര്‍ ഓപ്പണറുടെ കസേര കയ്യാലപ്പുറത്തായത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മോശം ബാറ്റിംഗ് റെക്കോര്‍ഡാണ് വാര്‍ണര്‍ക്കുള്ളത്. ബാറ്റിംഗ് ശരാശരി ഏഴ് ടെസ്റ്റുകളില്‍ 21 മാത്രം. അതിനാല്‍ വാര്‍ണര്‍ക്ക് പകരം ദില്ലി ടെസ്റ്റില്‍ ട്രാവിസ് ഹെഡിന് അവസരമൊരുങ്ങിയേക്കും എന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് വാര്‍ണര്‍ക്ക് പകരം ഹെഡിനെ പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടനം. ന്യൂബോളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ ഹെഡിന് കടന്നാക്രമിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
നേരത്തെ 20 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമുള്ള സമയമുണ്ടായിരുന്നു ഡേവിഡ് വാര്‍ണര്‍ക്ക്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി വാര്‍ണര്‍ തിരിച്ചുവന്നു. കരിയറിലെ നൂറാം ടെസ്റ്റിലായിരുന്നു വാര്‍ണറുടെ ഡബിള്‍. എന്നാല്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ സമ്പൂര്‍ണ ബാറ്റിംഗ് പരാജയമായി. 17-ാം തിയതി ദില്ലിയിലാണ് ഇന്ത്യ-ഓസീസ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.
കെ എല്‍ രാഹുലിനെ അങ്ങനെയങ്ങ് ഒഴിവാക്കാന്‍ പറ്റില്ല; താരത്തിന് ഗാവസ്‌കര്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ
