ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ രാഹുലിനെ പുറത്തിരുത്തണം എന്ന വാദം ശക്തമായിരിക്കേ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
നാഗ്‌പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കെ എല്‍ രാഹുലിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. 2021 ഡിസംബറിന് ശേഷം രാജ്യാന്തര സെഞ്ചുറിയില്ലാത്ത രാഹുലിന്‍റെ ഓപ്പണര്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ടെസ്റ്റില്‍ ശുഭ്‌മാന്‍ ഗില്‍ ബഞ്ചിലിരിപ്പുണ്ട്. ഏകദിനത്തിലും ട്വന്‍റി 20യിലും ഫോമിലുള്ള ഗില്ലിന് ഓസ്‌ട്രേലിയക്കെതിരെ നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ അവസരം നല്‍കണമെന്ന് പരക്കെ വാദം ഉയര്‍ന്നെങ്കിലും ടീം മാനേജ്‌മെന്‍റ് മുഖംതിരിച്ചു. രാഹുലിനെ വിശ്വാസമര്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബാറ്റിംഗിനയച്ചപ്പോള്‍ താരം പരാജയമായി. ഇതോടെ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ രാഹുലിനെ പുറത്തിരുത്തണം എന്ന വാദം ശക്തമായിരിക്കേ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.
'എന്‍റെ അഭിപ്രായത്തില്‍ കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷക്കാലം കെ എല്‍ രാഹുല്‍ നല്ല പ്രകടനം നടത്തി. അദേഹത്തിന് ഒരവസരം കൂടി നല്‍കണം. ദില്ലി ടെസ്റ്റില്‍ രാഹുല്‍ ശക്തമായി മടങ്ങിയെത്തും എന്ന് എനിക്കുറപ്പാണ്. രാഹുലിനെ പുറത്തിരുത്തണം എന്ന ചിന്ത പലര്‍ക്കും വരാനുള്ള കാരണം ഫോമിലുളള ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കുന്നതാണ്' എന്നും സുനില്‍ ഗാവസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. രാഹുലിന് ഒരവസരം കൂടി നല്‍കണം എന്ന നിലപാടാണ് മറ്റൊരു ഇന്ത്യന്‍ മുന്‍ താരം മദന്‍ ലാലിനും. 'കെ എല്‍ രാഹുല്‍ പ്രതിഭയുള്ള താരമാണ്. എന്നാലിപ്പോള്‍ ഫോമിലല്ല. ഓസീസിനെതിരെ സ്കോര്‍ ചെയ്യുക വലിയ വെല്ലുവിളിയാണ്. കഴിവിന്‍റെ അടിസ്ഥാനത്തിലാണേല്‍ രാഹുലിന് വീണ്ടും അവസരം നല്‍കണം' എന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ 71 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു കെ എല്‍ രാഹുല്‍. അരങ്ങേറ്റക്കാരന്‍ സ്‌പിന്നര്‍ ടോഡ് മര്‍ഫിയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നസ്‌ബര്‍ഗില്‍ 2022 ജനുവരിയില്‍ ഫിഫ്റ്റി നേടിയ ശേഷം രാഹുലിന് അര്‍ധ സെഞ്ചുറികളൊന്നുമില്ല. അതിന് ശേഷമുള്ള ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 23 മാത്രമാണ് ഉയര്‍ന്ന സ്കോര്‍. 50, 8, 12, 10, 22, 23, 10, 2, 20 എന്നിങ്ങനെയാണ് രാഹുലിന്‍റെ അവസാന ഒന്‍പത് ടെസ്റ്റ് ഇന്നിംഗ്‌സ് സ്‌കോറുകള്‍. കഴിഞ്ഞ 10 മാസത്തിനിടെ മൂന്ന് ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ രാഹുല്‍ 15.4 ശരാശരിയില്‍ 77 റണ്‍സേ നേടിയുള്ളൂ. അതേസമയം അവസരം കാത്തിരിക്കുന്ന ശുഭ്‌മാന്‍ ഗില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.
ഫോമിലല്ലെങ്കിലും കെ എല്‍ രാഹുല്‍ സുരക്ഷിതം; അടുത്ത ടെസ്റ്റിലും കളിക്കുമെന്ന് റിപ്പോര്‍ട്ട്
