അരങ്ങേറ്റത്തിന് പിന്നാലെ അമ്മയുടെ സ്നേഹാലിംഗനം; കെ എസ് ഭരതിന്‍റെ ചിത്രം വൈറല്‍
ടെസ്റ്റ് ക്യാപ് ലഭിച്ചതിന് പിന്നാലെ കെ എസ് ഭരതിനെ ആലിംഗനം ചെയ്യുന്ന അമ്മയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ കൊണ്ടാടുകയാണ്

നാഗ്‌പൂര്‍: ഏതൊരു ഇന്ത്യന്‍ ക്രിക്കറ്ററുടേയും മോഹമാണ് ടീം ഇന്ത്യക്കായി ടെസ്റ്റ് കളിക്കുക എന്നത്. ആ സ്വപ്‌നം ഓസ്‌ട്രേലിയക്കെതിരെ വിഖ്യാതമായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലൂടെ സഫലമാക്കിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ നാഗ്‌പൂര്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം കിട്ടിയപ്പോള്‍ ആ സ്വപ്‌നമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഭരതിന്‍റെ കുടുംബാഗങ്ങളുണ്ടായിരുന്നു.
സ്വപ്‌ന നിമിഷം
ടെസ്റ്റ് ക്യാപ് ലഭിച്ചതിന് പിന്നാലെ കെ എസ് ഭരതിനെ ആലിംഗനം ചെയ്യുന്ന അമ്മയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ കൊണ്ടാടുകയാണ്. നാഗ്‌പൂരില്‍ കെ എസ് ഭരതിനൊപ്പം സൂര്യകുമാര്‍ യാദവിനും ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നു. ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫിയും അരങ്ങേറ്റം കുറിച്ചു. ഭരതിനും സൂര്യക്കും ടെസ്റ്റ് ക്യാപ് നല്‍കുന്നത് നേരില്‍ക്കാണാന്‍ ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്ക് മൈതാനത്ത് ബിസിസിഐ അവസരം നല്‍കിയിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങളുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സംസാരിക്കുന്നതും മൈതാനത്തെ സുന്ദര കാഴ്‌ചയായി.
അരങ്ങേറ്റം മോശമായില്ല
ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ വെറും 177 റണ്‍സില്‍ പുറത്തായപ്പോള്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് ഭരത് പുറത്തെടുത്തത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്‌നെ മിന്നും സ്റ്റംപിംഗിലൂടെ ഭരത് മടക്കിയിരുന്നു. ഓസീസ് ഇന്നിംഗ്‌സിലെ ടോപ് സ്കോററാണ് മാര്‍നസ്(49). സ്റ്റീവ് സ്‌മിത്ത്(37), അലക്‌സ് ക്യാരി(36), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(31) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും മൂന്ന് പേരെ മടക്കി രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുമായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ഓസീസിനെ കുഞ്ഞന്‍ സ്കോറില്‍ തളച്ചത്.